Fri. Nov 22nd, 2024
തിരുവനന്തപുരം:

കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്ന സമയത്ത് തന്നെ ലാവ്‌ലിൻ കേസും ഇന്ന് സുപ്രിംകോടതിക്ക് മുന്നിലെത്തും. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഊർജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് സുപ്രിംകോടതിക്ക് കത്ത് നൽകിയിട്ടുണ്ട്.

സിബിഐയുടെ അടക്കം ആവശ്യത്തെ തുടർന്ന് കഴിഞ്ഞ 27 തവണയും കേസ് മാറ്റിവച്ചിരുന്നു. ലാവ്‌ലിൻ കേസ് നാലാമത്തെ കേസായിട്ടാണ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഊർജവകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് സമർപ്പിച്ച കത്ത് കോടതി ആദ്യമേ പരിഗണിച്ചേക്കും.

കൂടുതൽ രേഖകൾ സമർപ്പിക്കാനുണ്ടെന്നാണ് എ ഫ്രാൻസിസ് കോടതിയെ അറിയിച്ചിരിക്കുന്നത്. സാധാരണനിലയിൽ കേസ് മാറ്റിവയ്ക്കണമെന്ന് കക്ഷികൾ കത്ത് മുഖേന ആവശ്യപ്പെട്ടാൽ അക്കാര്യം അംഗീകരിക്കുകയാണ് സുപ്രിംകോടതിയുടെ രീതി. ഫ്രാൻസിസിന്റെ കത്തിൽ ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചിന്റെ നിലപാട് നിർണായകമാകും.

വിശദമായ കുറിപ്പ് നേരത്തെ സിബിഐ സമർപ്പിച്ചിരുന്നെങ്കിലും ഇതിന്റെ പകർപ്പ് ഇതുവരെ കക്ഷികൾക്ക് കൈമാറാത്ത സാഹചര്യം നിലവിലുണ്ട്. സമർപ്പിക്കാമെന്ന് പറഞ്ഞ നിർണായക തെളിവുകളും രേഖകളും ഇതുവരെ സിബിഐ സുപ്രിംകോടതിക്ക് കൈമാറിയിട്ടുമില്ല. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജസെക്രട്ടറി കെ മോഹനചന്ദ്രൻ, മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐ അപ്പീലാണ് കോടതിക്ക് മുന്നിലെത്തുന്നത്.

കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി മുൻ ഉദ്യോഗസ്ഥരായ ആർ ശിവദാസ്, കസ്തൂരിരംഗഅയ്യർ, കെജി രാജശേഖരൻ എന്നിവരും സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.

By Divya