Mon. Dec 23rd, 2024
ചെന്നൈ:

തമിഴ്നാട്ടില്‍ ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍റെ അനുബന്ധ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്‍റെ വ്യാപക റെയ്ഡ്. സ്റ്റാലിൻ്റെ മരുമകൻ ശബരീശൻ്റെ സ്ഥാപനങ്ങളിൽ നിന്ന് നിരവധി രേഖകൾ ആദായ നികുതി പിടിച്ചെടുത്തു. വസതിയിൽ നിന്ന് 1,36,000 രൂപയും പിടിച്ചെടുത്തു.

എന്നാൽ കൃത്യമായ രേഖകൾ ഹാജരാക്കിയതോടെ ഈ തുക തിരികെ നൽകി. പരിശോധന 12 മണിക്കൂർ നീണ്ടു. സ്റ്റാലിന്റെ മകളുടെ സ്ഥാപനങ്ങളിൽ നിന്ന് ശേഖരിച്ച രേഖകൾ വിശദമായി പരിശോധിക്കുകയാണെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി.

എം കെ സ്റ്റാലിന്‍റെ മകള്‍ സെന്താമരെയുടെ ഇസിആറിലെ വീട്ടിലും മരുമകന്‍ ശബരീശന്‍റെ സ്ഥാപനങ്ങളിലുമാണ് ആദായ നികുതി പരിശോധന നടത്തിയത്. സ്റ്റാലിന് പങ്കാളിത്തമുള്ള സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. ഡിഎംകെ ഐടി വിഭാഗം ചുമതലയുള്ള കാര്‍ത്തിക്ക്, മോഹന്‍ എന്നിവരുടെ വസതികളും ആദായ നികുതി വകുപ്പ് പരിശോധന നടത്തി.

ആദായ നികുതി റെയ്ഡ് നടക്കുന്നതിനിടെ സെന്താമരെയുടെ വസതിക്ക് മുന്നില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ തടിച്ചുകൂടി. വിവിധയിടങ്ങളില്‍ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. റെയ്ഡ് രാഷ്ട്രീയപ്രേരിതമെന്നും ഭയപ്പെടുത്താനുള്ള നീക്കമെന്നും ഡിഎംകെ ആരോപിച്ചു.

കേന്ദ്ര ഏജന്‍സികളെ വച്ച് വേട്ടയാടുകയാണന്നും റെയ്ഡില്‍ ഭയപ്പെടില്ലെന്നും ഡിഎംകെ വ്യക്തമാക്കി. ദിവസങ്ങള്‍ക്ക് മുമ്പ് ഡിഎംകെ സ്ഥാനാര്‍ത്ഥികളുടെ വസതികളില്‍ നിന്ന് ഏഴ് കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തിരുന്നു.

By Divya