എറണാകുളം ജില്ലയിലെ വ്യവസായ മേഖല എന്നറിയപ്പെടുന്ന മണ്ഡലമാണ് കളമശ്ശേരി. ജില്ലയിൽ യൂഡിഎഫിനുള്ള ഒരു മേൽക്കൈ വളരെ ഈ മണ്ഡലത്തിലും നമുക്ക് കാണാൻ കഴിയും. 2008-ലെ മണ്ഡല പുനർ നിർണ്ണയത്തിലാണ് മണ്ഡലം രൂപീകൃതമാകുന്നത്. കളമശ്ശേരി നഗരസഭയും ആലങ്ങാട്, കടുങ്ങല്ലൂർ, കുന്നുകര, കരുമാല്ലൂർ എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കളമശ്ശേരി നിയമസഭാമണ്ഡലം.
മണ്ഡലം എൽഡിഎഫിൽ സിപിഎം സീറ്റും, യുഡിഎഫിൽ മുസ്ലിം ലീഗ് സീറ്റുമാണ്. ആദ്യ തിരഞ്ഞെടുപ്പ് നടന്ന 2011 മുതൽ ഇതുവരെ വി കെ ഇബ്രാഹിം കുഞ്ഞാണ് മണ്ഡലത്തിൽനിന്നുള്ള നിയമസഭ പ്രതിനിധി. 2011-ലെ തിരഞ്ഞെടുപ്പിൽ എണ്ണായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം നേടാനായപ്പോൾ 2016-ൽ ഇബ്രാഹിംകുഞ്ഞിനു അത് പന്ത്രണ്ടായിരത്തിനുമുകളിൽ എത്തിക്കുവാൻ കഴിഞ്ഞു. 2011-2016 കാലഘട്ടത്തിലെ യുഡിഎഫ് മന്ത്രിസഭയിൽ പൊതുമരാമത്തു വകുപ്പ് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് പാലാരിവട്ടത്തെ മേൽപാലം അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നേരിടുകയും ചെയ്തു.
ഇത്തവണ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇബ്രാഹിംകുഞ്ഞിനു പകരം മകൻ വി ഇ അബ്ദുൽ ഗഫൂറാണ് യുഡിഎഫ് സ്ഥാനാർത്ഥി. പ്രവർത്തകരുടെ അഭിപ്രായങ്ങൾക്കു വിരുദ്ധമായി അഴിമതി ആരോപണ വിധേയനായ നേതാവിന്റെ മകന് സ്ഥാനാർത്ഥിത്വം നൽകിയതിൽ യുഡിഎഫിൽ പ്രതിഷേധങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥിയായി രാജ്യ സഭ മുൻ എംപിയും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി രാജീവാണു മത്സരിക്കുന്നത്. എൻഡിഎയ്ക്കുവേണ്ടി ബിഡിജെഎസ്സിൽ നിന്ന് പി എസ് ജയരാജനാണു മത്സരിക്കുന്നത്.
സർക്കാർ വികസന പ്രവർത്തനങ്ങളും പാലാരിവട്ടം പാലം അഴിമതി ആരോപണവും ഉയർത്തിക്കാട്ടി മണ്ഡലം പിടിക്കാമെന്ന കണകക്കുകൂട്ടലിലാണ് എൽ ഡി എഫ്, പി രാജീവിനെ സ്ഥാനാര്ഥിയാക്കിയിരിക്കുന്നത്. എന്നാൽ, പാലം ഒരുവിഷയമല്ല മറിച്ച് 10 വർഷത്തെ മണ്ഡലത്തിൻ്റെ വികസനമാണ് വിജയസാധ്യത എന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൽ ഗഫൂർ ശക്തമായ പ്രതിരോധം തീർക്കുകയാണ്.
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം, സ്‌കില്‍ അപ്‌ഗ്രെഡേഷന്‍ വഴി 10,000 പേര്‍ക്കും കാര്‍ഷിക മേഖലയില്‍ 2000 പേര്‍ക്കുമുള്‍പ്പെടെ മൊത്തം 15,000 പേര്‍ക്ക് തൊഴില്‍, എച്ച്എംടി പുനരുദ്ധാരണമുള്‍പ്പെടെ വ്യവസായങ്ങളുടെ പ്രോത്സാഹനം, പാര്‍പ്പിടങ്ങളും സാമൂഹ്യസുരക്ഷയും ചെറുപ്പക്കാര്‍ ഏറ്റവുമധികം ആവശ്യപ്പെടുന്ന മാലിന്യ നിര്‍മാര്‍ജന പദ്ധതികളും വിഭാവനം ചെയ്യുന്ന ക്ലീന്‍ കളമശ്ശേരി, റോഡുകളും പാലങ്ങളും മറ്റുമുള്‍പ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, പര്യടനങ്ങള്‍ക്കിടെ തിരിച്ചറിഞ്ഞ പ്രധാന പ്രശ്‌നമായ കുടിവെള്ള ലഭ്യതക്കുള്ള സമഗ്ര പദ്ധതികള്‍, സ്ത്രീസുരക്ഷയും ലിംഗനീതിയും ഉറപ്പാക്കല്‍, കളമശ്ശേരിയെ വിദ്യാഭ്യാസ ഹബ്ബായി വികസിപ്പിക്കല്‍, ആരോഗ്യരക്ഷാ പദ്ധതികള്‍, എച്ച് എം ടിക്കു സമീപത്തെ പ്രദേശം പ്രധാന പച്ചപ്പു കേന്ദ്രമാക്കുന്നതുള്‍പ്പെടെയുള്ള പത്തു പച്ചത്തുരുത്തുകളുണ്ടാക്കല്‍, പത്ത് കായിക കേന്ദ്രങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളും സ്ഥാപിക്കുന്നതുള്‍പ്പെടെ കായിക, സാംസ്‌കാരിക മേഖലകളിലെ പദ്ധതികള്‍, പ്രതിഭാ കേന്ദ്രങ്ങള്‍ സ്ഥാപിക്കല്‍ എന്നിങ്ങനെ 12 കര്‍മപദ്ധതികളാണ് പ്രകടനപത്രികയില്‍ വിശദമാക്കുന്നത്.