Fri. Nov 22nd, 2024
കോഴിക്കോട്​:

ഗുജറാത്ത്, റോഹിങ്ക്യൻ മുസ്​ലിംകൾ ചു​ട്ടെരിക്കപ്പെട്ടത്​ നമസ്​കരിക്കാത്തതിനുള്ള ശിക്ഷയെന്ന പരാമർശത്തിൽ വിശദീകരണവുമായി സമസ്​ത കേരള ജംഇയ്യത്തുൽ ഉലമ (എപി വിഭാഗം) നേതാവ്​ കാന്തപുരം എപി അബൂബക്കർ മുസ്​ലിയാരുടെ മകനും എസ്വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എപി അബ്ദുൽ ഹകീം അസ്ഹരി. വിദ്യാർത്ഥികളുമായി സംവദിച്ചപ്പോൾ പറഞ്ഞ മറുപടിയാണ്​ അതെന്നും മറ്റൊരു ​സാഹചര്യത്തിൽ വായിക്കുന്നവർക്ക്​ അവിടെ താൻ ഉദ്ദേശിച്ച ബോധന രീതി മനസ്സിലാകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

”ഓരോ സമൂഹത്തോടും സംസാരിക്കുമ്പോൾ, അവരുടെ സാഹചര്യം, പ്രായം, അവരിലൂടെ സമൂഹം പ്രതീക്ഷിക്കുന്നത് എന്നിവയെല്ലാം മാനദണ്ഡമാക്കിയായിരിക്കുമല്ലോ മറുപടി നൽകുക. വിദ്യാർത്ഥികളെ പഠനത്തിലും ഇസ്‌ലാമിന്‍റെ വൈജ്ഞാനിക വ്യവഹാരങ്ങളിലും ഊന്നി നിറുത്തുകയെന്നത് മാത്രമാണ് ആ മറുപടി കൊണ്ട് ഉദ്ദേശിച്ചത്.

മുസ്‌ലിം മതമീമാംസയും ചരിത്രവും പഠിക്കുന്ന ആളുകൾക്ക് അറിയാം, മൗലിക ഗ്രന്ഥങ്ങൾ വിവരിക്കുന്നത് പ്രകാരം വിശ്വാസികൾ എല്ലാ കാലത്തും എല്ലാ സമയത്തും പരീക്ഷിക്കപ്പെട്ടിട്ടുണ്ട്, പരീക്ഷിക്കപ്പെട്ടു കൊണ്ടേയിരിക്കുകയും ചെയ്യും.

പരീക്ഷണങ്ങളെ പേടിച്ചു, ശത്രുക്കളുടെ എണ്ണത്തെയും വണ്ണത്തെയും അക്രമ സംഭവങ്ങളെയും പർവ്വതീകരിച്ചു പേടിപ്പെടുത്തുന്നതിനു പകരം വിശ്വാസം ഊതിക്കാച്ചിയെടുത്തു നാഥന് മുന്നിൽ സ്വയം സമർപ്പണം ചെയ്യുന്ന ശൈലിയാണ് ഈ രംഗത്ത് പ്രവാചകരും പ്രബോധകരും എന്നും വിശ്വാസികളെ പഠിപ്പിച്ചിട്ടുള്ള മാർഗ്ഗം. എന്നാൽ മുസ്‌ലിം സമൂഹമായി ബന്ധപ്പെട്ട ഭീഷണികളെ വിലകുറച്ചു കാണണമെന്നോ, അവയെ ബൗദ്ധികമായും രാഷ്ട്രീയമായും പ്രതിരോധിക്കേണ്ടതില്ലെന്നോ ഇതർഥമാക്കുന്നില്ല” -അദ്ദേഹം ഫേസ്​ബുക്​ പോസ്റ്റിൽ പറഞ്ഞു.

മലപ്പുറം ജില്ലയിലെ പെരുവള്ളൂരിൽ നജാത്ത് ഹയർ സെക്കൻഡറി സ്കൂളിലെ മിഷൻ 21 പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിന്‍റെ ഭാഗമായി വിദ്യാർത്ഥികളോട് സംവദിക്കവെ അബ്​ദുൽ ഹക്കീം അസ്​ഹരി പറഞ്ഞ മറുപടിയാണ്​ വിവാദമായത്​. ഫെബ്രുവരി 19നായിരുന്നു പ്രസ്​തുത പരിപാടി. ‘റോഹിങ്ക്യൻ മുസ്​ലിംകളെയും ഫലസ്​തീൻ മുസ്​ലിംകളെയും അതിക്രൂരമായി അടിച്ചമർത്തുകയും വധിക്കുകയും രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്യുന്ന ചിത്രങ്ങൾ നമ്മൾ കാണുന്നു.

ഇതിന് പിന്നിൽ അവിടത്തെ ഭരണകൂടങ്ങളാണ്. അവരുടെ ഇൗ ചെയ്​തികൾക്കെതിരെ ഇസ്​ലാമിക ലോകത്തെ പണ്ഡിതന്മാരും മുസ്​ലിം രാജ്യങ്ങളും എന്തുകൊണ്ട് ഒരു സമിതി ഉണ്ടാക്കി പ്രവർത്തിക്കാൻ മുന്നോട്ടുവരുന്നില്ല’ എന്ന ഒരു വിദ്യാർഥിയുെട ചോദ്യത്തിനാണ് അബ്​ദുൽ ഹകീം അസ്​ഹരി ഗുജറാത്ത്​ മുസ്​ലിംകളുടെ കാര്യം കൂടി ചേർത്ത്​ മറുപടി നൽകിയത്.

By Divya