Wed. Jan 22nd, 2025

യുഡിഎഫിന് ശക്തമായ പിൻബലം ഉണ്ടെന്ന് കരുതപ്പെടുന്ന എറണാകുളം ജില്ലയിലെ മറ്റൊരു മണ്ഡലമാണ് തൃക്കാക്കര.
സംസ്ഥാനത്തിൻ്റെ ഐടി സ്വപ്നങ്ങളുറങ്ങുന്ന, കേരളത്തിൻ്റെ സിലിക്കൺ വാലിയായ തൃക്കാക്കര മണ്ഡലം എറണാകുളം ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ മണ്ഡലമാണ്. 2008-ലെ മണ്ഡല പുനഃക്രമീകരണത്തിൽ പഴയ തൃപ്പൂണിത്തുറയെ വിഭജിച്ചാണ് മണ്ഡലം രൂപം കൊണ്ടത്.
ജനസംഖ്യയിലും വരുമാനത്തിലും വലുപ്പത്തിലും സംസ്ഥാനത്തെ ഏറ്റവും വലിയ നഗരസഭയായ തൃക്കാക്കരയ്ക്കൊപ്പം വൈറ്റില, ഇടപ്പള്ളി, പാലാരിവട്ടം, അടക്കം എറണാകുളം കോർപ്പറേഷൻ്റെ 18 വാർഡുകളും ഉൾപ്പെടുന്നതാണ് തൃക്കാക്കര നിയമസഭ മണ്ഡലം.

മണ്ഡലത്തിലെ ആദ്യ തിരഞ്ഞെടുപ്പ് നടന്ന 2011-ൽ കോൺഗ്രസ് സ്ഥാനാർത്ഥി ബെന്നി ബെഹന്നാനാണ് യുഡിഎഫിൽ നിന്ന് മത്സരിച്ചത്. ആ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ എം ഇ ഹസൈനാർക്കെതിരെ 22406 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചു. എന്നാൽ 2016-ലെ തിരഞ്ഞെടുപ്പിൽ സോളാർ അഴിമയുമായി ബന്ധപ്പെട്ട ബെന്നി ബഹന്നാന്റെ പേര് ഉയർന്നു വരികയും പകരക്കാരനായി ഇടുക്കി മുൻ എംപിയും തൊടുപുഴ മുൻ എംഎൽഎയുമായിരുന്ന പി ടി തോമസ് മത്സരിച്ചു. അന്നും സിപിഎം സ്ഥാനാർത്ഥിയായ സെബാസ്റ്റ്യൻ പോളിനെതിരെ 11996 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പി ടി തോമസ് നിയമസഭയിലേക്ക് തിരഞ്ഞെടുത്തു.

ഈ വരുന്ന തിരഞ്ഞെടുപ്പിലും യുഡിഎഫ് സ്ഥാനാർത്ഥി സിറ്റിംഗ് എംഎൽഎയായ പി ടി തോമസ് തന്നെയാണ്. എൽഡിഎഫിനുവേണ്ടി സ്വതന്ത്ര സ്ഥാനാർത്ഥിയായി എറണാകുളത്തെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ജെ ജേക്കബ് ആണ് മത്സരിക്കുന്നത്. എൻഡിഎ സ്ഥാനാർത്ഥിയായി കഴിഞ്ഞ തവണ സ്ഥാനാർത്ഥിയായിരുന്ന ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എസ് സജിയും, ട്വൻറി 20-യുടെ കന്നി നിയമസഭ തിരഞ്ഞെടുപ്പിൽ മറ്റൊരു പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ടെറി തോമസ് എടത്തൊട്ടിയും മത്സരിക്കുന്നു.

ജില്ലയുടെ ഭരണസിരാകേന്ദ്രവും സ്പെഷ്യൽ ഇക്കണോമിക് സോണും ഇൻഫോപാർക്കും സ്മാർട്ട്സിറ്റിയും ഉൾപ്പെടുന്ന മണ്ഡലത്തിൽ അരങ്ങേറുന്നത് ശക്തമായ മത്സരമാണ്. മാലിന്യ പ്രശ്നങ്ങളും കുടിവെള്ള ലഭ്യതക്കുറവുമാണ് തിരഞ്ഞെടുപ്പ് വിഷയങ്ങളായി ജനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ രണ്ടു നിയമസഭ തിരഞ്ഞെടുപ്പുകളിലെ ജയവും, മണ്ഡലം ഉൾപ്പെടുന്ന എറണാകുളം ലോക്സഭയിലെ ജയവും ഈ തിരഞ്ഞെടുപ്പിനെ സഹായിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. എന്നാൽ മണ്ഡലത്തിലെ ഗ്രൂപ്പ് വഴക്കും ട്വന്റി 20-യുടെ വരവും മുന്നണിയെ പ്രതികൂലമായി ബാധിക്കുമെന്നൊരു വിലയിരുത്തലുമുണ്ട്.

ശക്തരായ സ്ഥാനാർത്ഥികളെ പരീക്ഷിച്ചിട്ടും അനുകൂലമാകാത്ത മണ്ഡലത്തിൽ കാര്യമായ പ്രവർത്തനങ്ങളാണ് എൽഡിഎഫ് നടത്തുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപ്പറേഷനിൽ നേടിയ വിജയം എൽഡിഎഫിനും പ്രതീക്ഷ നൽകുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ വോട്ട് ശതമാനം വർദ്ധിപ്പിക്കാൻ കഴിഞ്ഞതിനാൽ ഇത്തവണയും മണ്ഡലത്തിലെ നില മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണവർ. യുഡിഎഫിനെ പ്രതിരോധത്തിലാക്കിക്കൊണ്ടുള്ള ട്വന്റി 20 യുടെ വരവ് എൽഡിഎഫിനെ തുണക്കാനും ഇടയുണ്ട്.

എന്തായാലും കൊച്ചിയുടെ വികസന സ്വപ്നങ്ങളുടെ ചിറകായ തൃക്കാക്കര മണ്ഡലത്തിന്റെ ഭാവി അറിയാൻ നമുക്ക് കാത്തിരിക്കാം.