Wed. Jan 22nd, 2025

ജില്ലയിലെ മണ്ഡലങ്ങളിൽ വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലമാണ് അങ്കമാലി. സിറ്റിംഗ് എംഎൽഎയും മുൻ എംഎൽഎയും തമ്മിൽ മത്സരം നടക്കുന്ന മണ്ഡലം എന്നൊരു പ്രത്യേകത കൂടി ഇവിടെ ഉണ്ട്. ജില്ലയിൽ പോരാട്ടം കടുക്കുമെന്ന് ഉറപ്പുള്ള മണ്ഡലം കൂടിയാണിത്. ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ജനതാദളിനും ഒരുപോലെ സ്വാധീനമുണ്ടെന്ന് പറയാവുന്ന മണ്ഡലമാണ് അങ്കമാലി. അങ്കമാലി നഗരസഭയും അയ്യമ്പുഴ, കാലടി, കറുകുറ്റി, മലയാറ്റൂർ-നീലീശ്വരം, മഞ്ഞപ്ര, മൂക്കന്നൂർ, പാറക്കടവ്, തുറവൂർ പഞ്ചായത്തുകളും അടങ്ങുന്നതാണ് മണ്ഡലം.

കോൺഗ്രസ് സ്ഥാനാർത്ഥിയായ റോജി എം ജോണാണ് 2016ൽ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയത്. 2006-ലും 2011-ലും എൽഡിഎഫിന് വേണ്ടി ജെഡിഎസിലെ ജോസ് തെറ്റയിൽ വിജയിച്ച മണ്ഡലത്തിലാണ് കഴിഞ്ഞ തവണ കോൺഗ്രസ് വിജയം നേടിയത്. മുൻ എംഎൽഎയായ ജോസ് തെറ്റയിലിനെ തന്നെയാണ് ഇടതു മുന്നണി ഇക്കുറി സിറ്റിംഗ് എംഎൽഎ റോജി എം ജോണിനെതിരെ മണ്ഡലത്തിൽ മത്സരത്തിനിരക്കിയിരിക്കുന്നത്.

മണ്ഡലത്തിൽ ഇരുമുന്നണികൾക്കും ഒരുപോലെ വേരോട്ടമുണ്ട്. 1965-ൽ മണ്ഡലം രൂപീകരിച്ചതിനു ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിലെ ജോൺ ആണ് വിജയിച്ചത്. അതിനുശേഷം തുടർച്ചയായി നാലുതവണ സിപിഐ എം നേതാവ്‌ എ പി കുര്യൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീടുള്ള തിരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസ്സിലെ എം വി മാണി രണ്ടുതവണയും കോൺഗ്രസിലെ പി ജെ ജോയി മൂന്നുതവണയും തുടർച്ചയായി വിജയിച്ചു.

2006-ലാണ് ജനതാദൾ എസ് സ്ഥാനാർത്ഥിയായി ജോസ്‌ തെറ്റയിൽ അങ്കമാലിയിൽ മത്സരിച്ച ജയിക്കുന്നത് രണ്ടു നിയമസഭ കാലയളവിൽ തെറ്റയിൽ അങ്കമാലിയെ പ്രതിനിധീകരിച്ചു. 2011-ലെ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ജോണി നെല്ലൂരിന്റെ പരാജയത്തിന് ശേഷം 2016-ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ റോജി എം ജോണിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുകയും ചെയ്തു.

മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകൾ എൽഡിഎഫും അങ്കമാലി നഗരസഭയും ആറു പഞ്ചായത്തും യുഡിഎഫുമാണ് 2020 മുതൽ ഭരിക്കുന്നത്. 1991 മുതൽ 2001 വരെ യുഡിഎഫ് കൈയടക്കിയിരുന്ന നിയമസഭാ സീറ്റ് 2006-ലാണ് എൽഡിഎഫ് തിരിച്ചുപിടിക്കുന്നത്. 6094 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജോസ് തെറ്റയിൽ അന്ന് വിജയിച്ചത്. 2011-ലും വിജയം ആവർത്തിച്ചപ്പോൾ ഭൂരിപക്ഷം 7170 വോട്ടുകളിലേക്കുയർത്താൻ ജോസിനായി.

ലൈംഗിക വിവാദത്തിൽപ്പെട്ടതിനാൽ 2016-ൽ ജോസ് തെറ്റയിൽ തിരഞ്ഞെടുപ്പിൽനിന്നു വിട്ട്നിൽക്കേണ്ടിവരികയും പകരക്കാരനായി ജെഡിഎസ്സിൽ നിന്നുതന്നെ ബെന്നി മൂഞ്ഞേലി മത്സരിക്കുകയും ചെയ്‌തെങ്കിലും യുഡിഎഫിനായി യുവ നേതാവ് റോജി എം ജോൺ വിജയിക്കുന്ന ചെയ്തത്. ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് സുപ്രീംകോടതിയിൽ പിന്നീട് ജോസ് തെറ്റയിൽ സുപ്രീം കോടതിയിൽ തെളിയിച്ചു.

ഇക്കുറി ജോസ് തെറ്റയിലിന്‍റെ സ്ഥാനാർത്ഥിത്വത്തോടെ മണ്ഡലം തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്. കഴിഞ്ഞ തവണ തെറ്റയിൽ തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് വിട്ട് നിന്നപ്പോഴായിരുന്നു കോൺഗ്രസ് മണ്ഡലം പിടിച്ചെടുത്തത്. അതേസമയം കഴിഞ്ഞ അഞ്ച് വർഷ കാലയളവിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ റോജി എം ജോണിന് 66,666 വോട്ടുകൾ ലഭിച്ചപ്പോൾ ബെന്നി മൂഞ്ഞേലിയുടെ ജനപിന്തുണ 57,480 വോട്ടുകളിൽ ഒതുങ്ങി. 7.34 ശതമാനം വോട്ടാണ് ഇടതു മുന്നണിയ്ക്ക് മണ്ഡലത്തിൽ നഷ്ടമായത്. 9,186 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ റോജി എം ജോൺ സഭയിലെത്തുകയും ചെയ്തു.

ഇത്തവണ കേരളാ കോൺഗ്രസ് എമ്മും എൽജെഡിയും മുന്നണിയിലെത്തിയത് അങ്കമാലിയിൽ ജെഡിഎസിന് പ്രതീക്ഷ നൽകുന്ന ഘടകങ്ങളാണ്. എന്നാൽ 2019ലെ ലോക്‌ സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയിൽ മത്സരിച്ച കോൺഗ്രസ് നേതാവ് ബെന്നി ബഹനാന് സിറ്റിംഗ് എം.പി ആയ ഇന്നസെന്റിനെതിരെ അങ്കമാലി മണ്ഡലത്തിൽ നിന്ന് 27800 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിരുന്നു.

കഴിഞ്ഞ കുറച്ച കാലയളവിൽ ബിജെപി വോട്ടുകാലിൽ കാര്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. 2011-ലെ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ച 417 വോട്ടുകളിൽനിന്ന് 2016-ൽ എൻഡിഎ സ്ഥാനാർത്ഥിക്ക് 9014 വോട്ടുകളായി വർദ്ധിച്ചു. കോൺഗ്രസ്- ജെഡിഎസ് തമ്മിലുള്ള പോരാട്ടം ശക്തമായാൽ മണ്ഡലത്തിൽ എൻഡിഎ പിടിക്കുന്ന ഓരോ വോട്ടും നിർണായകമാകും.

മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചർച്ചകളിൽ സജീവമായി ചർച്ചചെയ്യപ്പെടുന്ന വിഷയങ്ങളാണ് അങ്കമാലി ബൈപാസും കാലടി സമാന്തര പാലവും. നെടുമ്പാശ്ശേരി വിമാനത്താവളം സമീപ മണ്ഡലമായ ആലുവയിൽ സ്ഥിതി ചെയ്യുന്നതിനാലും സംസ്ഥാന പാത-1 ദേശീയ പാത 544-ലുമായി ചേരുന്നത് അങ്കമാലി നഗരത്തിലായതിനാലും ഈ പ്രദേശത്തു കാര്യമായ ഗതാഗത പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ബെപാസ്സും കാലടി സമാന്തര പാലവും വർഷങ്ങളായുള്ള പ്രദേശവാസികളുടെ ആവശ്യമാണ്. അയ്യമ്പുഴ മേഖലയിലുള്ള കുടിവെള്ള പ്രശ്നവും ഗിഫ്റ്റ് സിറ്റി പദ്ധതിയും മണ്ഡലത്തിന്റെ കിഴക്കൻ മേഖലയുടെ ചർച്ചകളിൽ ഇടംപിടിക്കുന്നുമുണ്ട്.

രണ്ടു നിയമസഭ കാലയളവിൽ മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾ കാര്യക്ഷമമായിരുന്നെന്നും ഇപ്പോഴുള്ള എംഎൽഎ മണ്ഡലത്തിനെ വികസന കാര്യങ്ങളിൽ മുരടിപ്പിലേക്കാണ് നയിച്ചിരിക്കുന്നെന്നുമാണ് ജോസ് തെറ്റയിലിന്റെയും ഇടതു മുന്നണിയുടെയും വാദങ്ങൾ. മുൻ എംഎൽഎ എന്ന നിലയിലും അങ്കമാലി സ്വദേശി എന്ന നിലയിലും മണ്ഡലത്തിന്റെ ആവശ്യങ്ങൾ കൃത്യമായി അറിയുന്ന തെറ്റയിലാണ് ഈ തിരഞ്ഞെടുപ്പിൽ എന്തുകൊണ്ടും എതിർ സ്ഥാനാര്ഥിയെക്കാൾ യോഗ്യൻ എന്നാണ് ഇടത് മുന്നണിയോട് ചേർന്ന് നിൽക്കുന്നവരുടെ അഭിപ്രായം.

എന്നാൽ അടിസ്ഥാന വികസന കാര്യങ്ങളിൽ മണ്ഡലം കഴിഞ്ഞ ഭരണ കാലത്ത് വളരെ മുൻപിലേക്ക് നീങ്ങിയിട്ടുണ്ടെന്നാണ് റോജിയുടേയും ഐക്യ ജനാധിപത്യ മുന്നണിയുടെയും അവകാശവാദം. പ്രളയം വലിയ രീതിയിൽ നാശം വിതച്ച മേഖല എന്ന നിലയിൽ നഗര ഗ്രാമ റോഡുകളുടെ നവീകരണം കാര്യക്ഷമമായിരുന്നെന്നും ബൈപാസ്സ്‌ അടക്കമുള്ള വികസന കാര്യങ്ങളിൽ കാര്യമായ പുരോഗതി കഴിഞ്ഞ കാലയളവിൽ ഉണ്ടായിട്ടുണ്ടെന്നും അവ പൂർത്തീകരിക്കുക എന്നതാണ് വരുന്ന തിരഞ്ഞെടുപ്പിലെ ജയത്തോടെ യുഡിഎഫ് ലക്‌ഷ്യം വയ്ക്കുന്നതെന്നും പറയുന്നു. 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മണ്ഡലത്തിൽ നേടാനായ വിജയവും കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലെ വിജയവും റോജി എം ജോണിന് പ്രതീക്ഷ നൽകുന്ന കാര്യങ്ങളാണ്.

ക്രൈസ്തവ മത വിശ്വാസികൾ കൂടുതലായുള്ള പ്രദേശമെന്ന നിലയിൽ മറ്റ് രണ്ട് മുന്നണികളെയും പോലെ എൻഡിഎ സ്ഥാനാർത്ഥിയും ക്രൈസ്തവ പ്രതിനിധിയെതന്നെയാണ് ഇത്തവണ അങ്കമാലിയിൽ മത്സരിപ്പിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലയളവിൽ കേരള കോൺഗ്രസ് തോമസ് വിഭാഗം എൻഡിഎ മുന്നണിയോടൊപ്പമായിരുന്നതിനാൽ തോമസ് വിഭാഗം സ്ഥാനാർത്ഥിയായിരുന്നു മത്സരിച്ചിരുന്നത്.

ഈ തിരഞ്ഞെടുപ്പിൽ തോമസ് വിഭാഗം ജോസഫ് വിഭാഗവുമായി ചേർന്നാണ് മത്സരിക്കുന്നത്. തോമസ് വിഭാഗത്തിന്റെ മുന്നണി മാറ്റം എൻഡിയേയ്ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കിട്ടിയ വോട്ട് വർദ്ധനവിനെ ബാധിക്കാൻ സാധ്യത ഉള്ളതായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ എതിർമുന്നണികൾക്കെതിരെയുള്ള അഴിമതി ആരോപണങ്ങളും മോദി സർക്കാരിൻ്റെ പ്രവർത്തനത്തെയും മുന്നിൽനിർത്തി ശക്തമായ പ്രവർത്തനത്തിലാണ് വലതുപക്ഷം. കഴിഞ്ഞ തവണ നടത്തിയ മുന്നേറ്റം ശക്തമായി ഈ തവണയും തുടരുമെന്ന ഉറച്ച വിശ്വാസത്തിലാണവർ.

2016 തിരഞ്ഞെടുപ്പിൽ 158886 പേരാണ് മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയത് അതിൽ 83768 പേർ സ്ത്രീകളും 74815 പേർ പുരുഷന്മാരുമായാണ്. കൂടാതെ 303 വോട്ടുകൾ പോസ്റ്റൽ വഴി രേഖപ്പെടുത്തിയിട്ടുമുണ്ട്.