Mon. Dec 23rd, 2024
 നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തിരുവനന്തപുരം ജില്ലയിലെ നേമം. 2016ലെ തെരഞ്ഞെടുപ്പില്‍ നേമത്ത് ഒ രാജഗോപാലിന്‍റെ വിജയത്തോടെയാണ് കേരള നിയമസഭയില്‍ ബിജെപി അക്കൗണ്ട് തുറന്നത്. നേമം നിലനിറുത്തുകയെന്നത് ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അഭിമാന പ്രശ്നമാണ്. പ്രത്യേകിച്ച് കുമ്മനം രാജശേഖരനെ പോലെ മുതിര്‍ന്ന നേതാവ് വീണ്ടും മത്സരിക്കുമ്പോള്‍ അവിടെ ഒരു പരാജയം പാര്‍ട്ടിക്ക് താങ്ങാന്‍ കഴിയില്ല.
‘നേമം ബിജെപിക്ക് കേരളത്തിലെ ഗുജറാത്താണ്’ എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പാർട്ടി മുൻ സംസ്ഥാന അധ്യക്ഷനും മുന്‍ മിസോറാം ഗവർണറും ഹിന്ദു ഐക്യവേദി കൺവീനറുമായിരുന്ന കുമ്മനം രാജശേഖരൻ മത്സര രംഗത്തിറങ്ങിയത്. ബിജെപിക്ക് ഗുജറാത്ത് പോലെ ബിജെപിക്ക് ഉറച്ച മണ്ഡലമാണ് നേമം എന്നാണ് അദ്ദേഹം പറഞ്ഞതിന് അര്‍ത്ഥം. നേമത്ത് നിന്ന് കേരളമാകെ പടരുന്ന ബിജെപി വിജയമാകണം അദ്ദേഹം സ്വപ്നം കണ്ടത്. തികഞ്ഞ ആത്മവിശ്വാസത്തോടെയും വിജയ പ്രതീക്ഷയോടെയുമാണ് അദ്ദേഹം മണ്ഡലത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്.
2016ൽ വിജയിക്കുന്നതിന് മുമ്പ് 2011ലെ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തായിരുന്നു രാജഗോപാല്‍. സിപിഎമ്മിലെ വി ശിവന്‍കുട്ടിയോട് 6415 വോട്ടുകള്‍ക്കാണ് അന്ന് പരാജയപ്പെട്ടത്. 2016ല്‍ രാജഗോപാല്‍ ശിവന്‍ കുട്ടിയെ പരാജയപ്പെടുത്തിയത് 8671 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചതോടെ ബിജെപി കേരള നിയമസഭയിലേക്ക് പ്രവേശിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി വി സുരേന്ദ്രന്‍ പിള്ള ദയനീയമായി മൂന്നാം സ്ഥാനത്തേക്ക് പുറന്തള്ളപ്പെട്ടു.
Sasi Tharoor M P Pic C: Scroll.in
Sasi Tharoor M P Pic C: Scroll.in

2019ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വിജയിച്ചത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരായിരുന്നു. ബിജെപിയുടെ കുമ്മനം രാജശേഖരനെയാണ് പരാജയപ്പെടുത്തിയത്. മറ്റെല്ലാ നിയമസഭ മണ്ഡലങ്ങളിലും തരൂര്‍ തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത് എത്തിയതെങ്കിലും നേമത്ത് മാത്രം ഭൂരിപക്ഷം വോട്ടുകൾ നേടിയത് കുമ്മനം രാജശേഖരനായിരുന്നു.

2020ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും തിരുവനന്തപുരം നഗരസഭയില്‍ ഉള്‍പ്പെടെ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. ഇതെല്ലാമായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ വിജയം ഉറപ്പിച്ച കുമ്മനത്തിന്‍റെ ആത്മവിശ്വാസത്തിന് ബലം നല്‍കിയത്.
എന്നാൽ ഇപ്പോൾ നേമത്തെക്കുറിച്ചുള്ള ബിജെപിയുടെ അമിത പ്രതീക്ഷകൾ കുറെയെങ്കിലും മങ്ങിയിട്ടുണ്ട്. കെ മുരളീധരൻ യുഡിഎഫ് സ്ഥാനാർത്ഥി ആയതോടെ മണ്ഡലത്തിലെ മത്സര സ്വഭാവം തന്നെ മാറുകയാണ്. കെ മുരളീധരനും കുമ്മനം രാജശേഖരനും വി ശിവൻകുട്ടിയും തമ്മിലുള്ള നേര്‍ക്കുനേര്‍ മത്സരം ബിജെപിയുടെ കണക്കുകൂട്ടലുകളെ അട്ടിമറിച്ചു.
2011ലും 2016ലും നേമത്ത് എൽഡിഎഫും ബിജെപിയും തമ്മിൽ നേരിട്ടുള്ള മത്സരമാണ് നടന്നത്. യുഡിഎഫ് സ്ഥാനാർത്ഥികളുടെ സാന്നിധ്യം തന്നെ മണ്ഡലത്തില്‍ അപ്രസക്തമായി മാറിയിരുന്നു. 2011ഓടെ അതുവരെയുള്ള മണ്ഡലത്തിലെ വോട്ടിംഗ് നില പാടെ മാറുകയായിരുന്നു. 2006ൽ സിപിഎമ്മിലെ വെങ്ങാനൂർ ഭാസ്കരനെ 10000ലേറെ വോട്ടുകൾക്കാണ് കോൺഗ്രസിലെ എൻ ശക്തൻ തോൽപ്പിച്ചത്. 2001ലും ശക്തൻ വെങ്ങാനൂര്‍ ഭാസ്കരനെ തന്നെയാണ്  പരാജയപ്പെടുത്തിയത്. അന്ന് ബിജെപി സ്ഥാനാര്‍ത്ഥി ആയിരുന്ന എം എസ് കുമാര്‍ 16872 വോട്ട് നേടിയിരുന്നു.
2006ലെ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ നേമത്തെ ബിജെപി സ്ഥാനാർത്ഥി മലയന്‍കീഴ് രാധാകൃഷ്ണന് ലഭിച്ച വോട്ട് 6705 മാത്രമായിരുന്നു. എന്നാൽ 2011ൽ ഒ രാജഗോപാൽ മത്സരിച്ചതോടെയാണ് മണ്ഡലത്തിലെ സമവാക്യങ്ങള്‍ മാറിയത്. സിപിഎമ്മിലെ വി ശിവൻകുട്ടിയോട് രാജഗോപാല്‍ തോറ്റത് 6415 വോട്ടുകൾക്കാണ്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട യുഡിഎഫിലെ ചാരുപാറ രവി 20000 ഓളം വോട്ടുകൾ മാത്രമാണ് നേടിയത്.
2016ലെ തെരഞ്ഞെടുപ്പ് നേമം മണ്ഡലത്തില്‍ പുതിയ ഒരു ചരിത്രമാണ് കുറിച്ചത്. ഒ രാജഗോപാൽ 8671 വോട്ടുകൾക്ക് സിപിഎമ്മിലെ വി ശിവൻകുട്ടിയെ തോൽപ്പിച്ചാണ് ചരിത്രം സൃഷ്ടിച്ചത്. അന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആയിരുന്ന വി സുരേന്ദ്രൻ പിള്ളക്ക് 13860 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഇത് ബിജെപിയുടെ വളര്‍ച്ച മാത്രമല്ല സൂചിപ്പിക്കുന്നത്. യുഡിഎഫ് വോട്ടുകൾ വൻതോതിൽ ബിജെപിയിലേക്ക് മാറിയതാണ് രാജഗോപാലിൻ്റെ വിജയത്തിന് കാരണമെന്ന് കൂടി വ്യക്തമാക്കുന്നുണ്ട്.
നേമത്തിൻ്റെ ചരിത്രം പരിശോധിച്ചാൽ 1957ലെ ആദ്യ തെരഞ്ഞെടുപ്പ് മുതൽ ഇടതുപക്ഷ – കോൺഗ്രസ് സ്ഥാനാർത്ഥികളെ മാറി മാറി വിജയിപ്പിച്ച ചരിത്രമാണുള്ളത്. കേരള സംസ്ഥാന രൂപീകരണത്തിന് ശേഷമുള്ള 1957ലെ ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഐയിലെ എ സദാശിവന്‍ വിജയിച്ചു. 1960ലും 70ലും പിഎസ്പിയുടെ സ്ഥാനാര്‍ത്ഥിയാണ് ഇവിടെ വിജയിച്ചത്. കെ കരുണാകരൻ, എസ് വരദരാജൻ നായർ, വി ജെ തങ്കപ്പൻ തുടങ്ങിയ പ്രമുഖരെ വിജയിപ്പിച്ച മണ്ഡലം കൂടിയാണ് നേമം.
K Karunakaran, PIC C: New Indian Express
K Karunakaran, PIC C: New Indian Express

1982ലെ തെരഞ്ഞെടുപ്പില്‍ കെ കരുണാകരന്‍ നേടിയ വിജയം ആവർത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മകനായ കെ മുരളീധരൻ ഇക്കുറി നേമത്ത് മത്സരിക്കുന്നത്. നേമം പിടിച്ചെടുത്താൽ മുരളി കേരളത്തിലെ മറ്റേത് കോൺഗ്രസ് നേതാവിനേക്കാൾ അംഗീകാരമുള്ള നേതാവായി മാറും. രണ്ട് തെരഞ്ഞെടുപ്പുകളിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട യുഡിഎഫിനെ ഒന്നാം സ്ഥാനത്തെത്തിക്കുക എളുപ്പമല്ല എന്ന് മുരളിക്കറിയാം. എന്നാൽ ആ റിസ്ക് ഏറ്റെടുക്കാൻ സന്നദ്ധനായതോടെ  തന്നെ കോൺഗ്രസിനുള്ളിൽ മാത്രമല്ല യുഡിഎഫിലും അദ്ദേഹത്തിൻ്റെ സ്വീകാര്യത വർദ്ധിപ്പിക്കുമെന്നാണ് കരുതുന്നത്.

വർഗീയതക്കെതിരെയാണ് തൻ്റെ പോരാട്ടം എന്നാണ് മുരളിയുടെ പ്രഖ്യാപനം. നേമത്തെ മുരളിയുടെ രംഗപ്രവേശം സംസ്ഥാനത്ത് യുഡിഎഫിന് പുതിയ ആവേശമാണ് നൽകുന്നത്. എന്നാൽ അത് നേമത്ത് വിജയമായി മാറ്റുക എളുപ്പമല്ല. 2011 മുതല്‍ യുഡിഎഫിൽ നിന്ന് ബിജെപിയിലേക്ക് ഒഴുകിയ വോട്ടുകൾ തിരിച്ചുപിടിക്കുന്നത് ദുഷ്കരമാണ്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ നേമത്ത് രണ്ടാം സ്ഥനത്തെത്തിയ ശശി തരൂരിന് നഷ്ടപ്പെട്ട കുറെ വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ സാധിച്ചിട്ടുണ്ട്. അപ്പോഴും കുമ്മനം രാജശേഖരനുമായി 16000ഓളം വോട്ടിൻ്റെ വ്യത്യാസമുണ്ട്. അത്രയും വോട്ടുകള്‍ കൂടി തിരിച്ചുപിടിച്ചാല്‍ മാത്രമേ മുരളിക്ക് വിജയത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയൂ. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നേരിട്ട കനത്ത പരാജയവും വലിയ വെല്ലുവിളിയാണ്. ഒപ്പം കാര്യമായി വോട്ടുകൾ ചോരാത്ത  എൽഡിഎഫിനെയും മുരളിക്ക് മറികടക്കേണ്ടി വരും.
ഏതായാലും മുരളിയുടെ പ്രവേശനത്തോടെ കുമ്മനത്തിൻ്റെ ഗുജറാത്ത് മോഹം മങ്ങിയെന്ന് ഉറപ്പാണ്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ ബിജെപിയിലേക്ക് പോയ യുഡിഎഫ് വോട്ടുകൾ കാര്യമായി തിരിച്ചുപിടിക്കാൻ മുരളിക്ക് കഴിയുകയും ജയിക്കാന്‍ വേണ്ട വോട്ട് കിട്ടാതരിക്കുകയും ചെയ്താല്‍ എല്‍ഡിഎഫിലെ വി ശിവൻ കുട്ടിക്കാകും നേട്ടമാകുക. വെല്ലുവിളികളെ ധൈര്യപൂര്‍വം ഏറ്റെടുക്കുന്ന മുരളീധരന് യുഡിഎഫിന്‍റെ പരിമതികളെ മറികടക്കാന്‍ കഴിഞ്ഞാല്‍ അട്ടിമറി വിജയം നേടാനും കഴിഞ്ഞെന്നിരിക്കാം. ഇതില്‍ ഏത് സംഭവിച്ചാലും കുമ്മനത്തിന് പരാജയം നേരിടേണ്ടി വരും.
അതുകൊണ്ടാണ് നേമത്ത് കുമ്മനം തൻ്റെ പിൻഗാമി ആകാനുള്ള സാധ്യത ബിജെപി എംഎൽഎ ഒ രാജഗോപാൽ തള്ളിക്കളയുന്നത്. കുമ്മനത്തിൻ്റെ വിജയ സാധ്യതയാണ് അദ്ദേഹം തളിപ്പറഞ്ഞത്. മുരളീധരൻ ശക്തനായ സ്ഥാനാർത്ഥി ആണെന്നും രാജഗോപാൽ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പുകളില്‍ പല തവണ പരാജയപ്പെട്ട രാജഗോപാലിനോടുള്ള സഹതാപം കൂടി അദ്ദേഹത്തിൻ്റെ വിജയത്തിന് കാരണമായിരുന്നു.
നേമത്തെ വോട്ടര്‍മാര്‍ രാജഗോപാലിന് നല്‍കിയ ഈ ആനുകൂല്യം കുമ്മനത്തിന് ലഭിക്കാനിടയില്ല. 2011 മുതല്‍ മണ്ഡലത്തില്‍ ബിജെപി ഉണ്ടാക്കിയ മുന്നേറ്റവും യുഡിഎഫില്‍ നിന്നു കിട്ടിയ വോട്ടുകള്‍ ഉറപ്പിച്ചുനിര്‍ത്താനും രാജഗോപാലിനെ പോലെ വ്യക്തിപരമായി വോട്ടുകള്‍ നേടാനും കഴിഞ്ഞാല്‍ മാത്രമേ കുമ്മനത്തിന് വിജയിക്കാന്‍ കഴിയൂ. അതിനുള്ള സാധ്യതകളാണ് ഇനി വ്യക്തമാകാനുള്ളത്.
ഏതായാലും ഇത്തവണ കുമ്മനത്തിനോ ബിജെപിക്കോ എളുപ്പം ജയിക്കാന്‍ കഴിയുന്ന ഗുജറാത്താകില്ല നേമം എന്ന് ഉറപ്പാണ്. മൂന്ന് സ്ഥാനാർത്ഥികൾ തുല്യ ബലാബലത്തോടെ പോരാടുന്ന മണ്ഡലം തന്നെയാകും നേമം. സിറ്റിംഗ് സീറ്റ് നിലനിർത്താൻ കഴിഞ്ഞില്ലെങ്കിൽ ബിജെപിക്ക് തന്നെയാകും വലിയ നഷ്ടം നേരിടുക. ആരാണ് വിജയിക്കുക എന്ന് ഇപ്പോൾ പറയാനാകില്ല. കുറച്ച് ദിവസങ്ങൾ കൊണ്ട് വലിയ മാറ്റങ്ങൾ കേരള രാഷ്ട്രീയത്തിലും നേമം മണ്ഡലത്തിലും ഉണ്ടാകാം.