Sat. Apr 27th, 2024
തിരുവനന്തപുരം:

പട്ടിക പുറത്തുവന്നതിന് പിന്നാലെ തുടങ്ങിയ പ്രതിഷേധങ്ങള്‍ അവസാനിച്ചിട്ടില്ലെങ്കിലും പ്രചാരണ പരിപാടികളിലേക്ക് കടന്ന് തിരഞ്ഞെടുപ്പിന് സജ്ജമാകുകയാണ് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11 ന് ഹരിപ്പാട് ബ്ലോക്ക് ഓഫീസിൽ ആണ് പത്രിക സമര്‍പ്പിക്കുന്നത്.

ഇത് അഞ്ചാം തവണയാണ് രമേശ് ചെന്നിത്തല ഹരിപ്പാട് നിന്ന് നിയമസഭയിലേക്ക് ജനവിധി തേടുന്നത്. പ്രവർത്തകർക്ക് ഒപ്പം പ്രകടനമായി എത്തി ആകും പത്രിക സമർപണം. അതേസമയം പട്ടിക പുറത്തുവന്നതിന് പിന്നാലെ തുടങ്ങിയ പ്രതിഷേധങ്ങള്‍ കോൺഗ്രസിൽ തുടരുന്നു.

പട്ടികയ്ക്കെതിരായ അസ്വാരസ്യങ്ങള്‍ നിലനിൽക്കവെ ഇനി പ്രഖ്യാപിക്കാനുള്ള സീറ്റുകളിലും പ്രതിഷേധം ശക്തമാണ്. വട്ടിയൂർക്കാവ് മണ്ഡലത്തിലടക്കം കാര്യമായ പ്രതിഷേധങ്ങൾ നിലനിൽക്കുന്നു. ലതികാ സുഭാഷിന്‍റെ പ്രതിഷേധത്തിന് പിന്നാലെ, ഇനി പ്രഖ്യാപിക്കാനുള്ള സീറ്റുകളിൽ ഒന്നിലെങ്കിലും വനിതക്ക് അവസരം നൽകണമെന്ന് ഹൈക്കമാൻഡ് നിർദ്ദേശിച്ചതോടെ വട്ടിയൂർകാവിലാണ് വനിത അവസരം ലഭിച്ചേക്കും.

രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങളുടെ പരിഭാഷയിലൂടെ ശ്രദ്ധേയായ ജ്യോതി വിജയകുമാറിനാണ് നറുക്ക് വീഴാൻ സാധ്യതയേറെ. വീണ എസ് നായരെയും ഇവിടെ ആദ്യഘട്ടത്തിൽ പരിഗണിച്ചിരുന്നു. അതിനിടെ വട്ടിയൂർക്കാവിൽ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിങ്കളാഴ്ച രാത്രി പ്രകടനം നടത്തി.

ശാസ്തം മംഗലം മുതൽ വെളളയമ്പലം വരെയായിരുന്നു പ്രകടനം. തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ സജീവമായിരുന്ന ചാണ്ടി ഉമ്മനെ സ്ഥാനാർത്ഥിയാക്കി മണ്ഡലം തിരിച്ചു പിടിക്കണമെന്നാവശ്യ പെട്ടായിരുന്നു പ്രകടനം.
അതേസമയം പട്ടികയ്ക്കു ശേഷമുണ്ടായ പൊട്ടിത്തെറിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് കടുത്ത അമർഷത്തിലാണ്‌

By Divya