Mon. Dec 23rd, 2024
ദോഹ:

അറുപതു വയസ്സിന് മുകളിൽ പ്രായമുള്ളവർ കൊവിഡ് വാക്‌സിനേഷനായി ഹോട്‌ലൈൻ നമ്പറിൽ വിളിച്ച് മുൻകൂർ അനുമതി തേടണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. 402 770 77 എന്ന ഹോട്‌ലൈനിൽ രാവിലെ 7.00 മുതൽ രാത്രി 11.00 വരെ വിളിക്കാം. കൊവിഡ് അപകടസാധ്യത കൂടുതലുള്ളതിനാൽ 60 വയസ്സിന് മുകളിലുള്ളവർ വാക്‌സീൻ എടുക്കാൻ വിമുഖത കാട്ടരുതെന്നും അധികൃതർ നിർദ്ദേശിച്ചു.

സമൂഹമാധ്യമങ്ങളിലൂടെയാണ് 60 വയസ്സിന് മുകളിലുള്ളവർ വാക്‌സീൻ എടുക്കണമെന്ന് മന്ത്രാലയത്തിന്റെ തുടർച്ചയായ ഓർമപ്പെടുത്തൽ. കൊവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരിൽ ഭൂരിഭാഗം പേരും 60 വയസ്സിന് മുകളിലുള്ളവരാണ്. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമായി വാക്‌സിനേഷൻ ബുക്കിങ്ങിനായി പ്രാഥമിക പരിചരണ കോർപ്പറേഷനാണ് ഹോട്‌ലൈൻ ആരംഭിച്ചത്.

പൊതുജനങ്ങളിൽ വാക്‌സിനേഷന് താൽപര്യമുള്ളവർ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ റജിസ്റ്റർ ചെയ്യണം. രാജ്യത്ത് നിലവിൽ ഫൈസർ-ബയോടെക്, മൊഡേണ എന്നിവയുടെ വാക്‌സീൻ ആണ് വിതരണം ചെയ്യുന്നത്. വാക്‌സിനേഷൻ ക്യാംപെയ്‌ന്റെ ഭാഗമായി ഖത്തർ നാഷനൽ കൺവൻഷൻ സെന്ററിലും എല്ലാ ഹെൽത്ത് സെന്ററുകളിലും വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. സ്‌കൂൾ അധ്യാപകർ, ജീവനക്കാർ, കമ്യൂണിറ്റി അംഗങ്ങൾ എന്നിവർക്കാണ് കൺവൻഷൻ സെന്ററിലെ താൽക്കാലിക വാക്‌സിനേഷൻ കേന്ദ്രത്തിൽ വാക്‌സീൻ നൽകുന്നത്.

By Divya