Wed. Nov 6th, 2024
Deshraj

മുംബെെ:

ദേശ്‍രാജ് എന്ന വയോധികനായ ഓട്ടോഡ്രെെവറുടെ കഥ രണ്ട് ആഴ്ചകളായി ഇംഗ്ലീഷ് പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും അടക്കം പ്രചരിച്ചിരുന്നു. കൊച്ചുമകളുടെ വിദ്യാഭ്യാസത്തിന് വേണ്ടി വീട് വിറ്റ് മുത്തശ്ശനായ 74കാരനായ ദേശ്‍രാജ് ഉണ്ണുന്നതും ഉറങ്ങുന്നതുമെല്ലാം തന്റെ ഓട്ടോറിക്ഷയില്‍ തന്നെയായിരുന്നു. ഈ ജീവിത കഥയായിരുന്നു വാര്‍ത്തയായത്.

‘ഹ്യുമൻസ് ഓഫ് ബോംബെ’ എന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ദേശ്‍രാജ് എന്ന ഓട്ടോ ഡ്രൈവറുടെ ജീവിതത്തെക്കുറിച്ച് പുറംലോകമറിയുന്നത്. ആളുകളുടെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥകൾ പറയുന്ന ഹ്യുമൻസ് ഓഫ് ബോംബെയുടെ ഫെയ്സ്ബുക്ക്പേജില്‍ ഫെബ്രുവരി 11ന് ആയിരുന്നു ദേശ്‍രാജിന്‍റെ ജീവിതകഥ വന്നത്.

ഇപ്പോള്‍ രണ്ടാഴ്ച്ചയ്ക്കിപ്പുറം സോഷ്യല്‍ മീഡിയ വെെറലാക്കിയ ദേശ് രാജ് എന്ന മുത്തശ്ശന് 24 ലക്ഷം രൂപയാണ് സഹായമായി നല്‍കിയിരിക്കുന്നത്. ക്രൗഡ് ഫണ്ടിംഗിലൂടെ ലഭിച്ച പണമാണ് കെെമറിയത്.

ദേശ്‍രാജിന്റെ ജീവിതമറിഞ്ഞ ഫേസ്ബുക്ക് ഉപയോക്താവാണ് ഇദ്ദേഹത്തിന് വേണ്ടി ക്രൗഡ് ഫണ്ടിം​ഗ് ആരംഭിച്ചത്.  ഹ്യുമൻസ് ഓഫ് ബോംബെയുടെ ഇൻസ്റ്റ​ഗ്രാം പേജിൽ ഇദ്ദേഹം ചെക്ക് സ്വീകരിക്കുന്നതിന്റെയും തന്നെ ​സഹായിച്ചവർക്ക് നന്ദി പറയുന്നതിന്റെയും വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

തന്‍റെ രണ്ട് മക്കളുടെയും മരണ ശേഷമാണ്  74കാരൻ കൂടുംബത്തെ മുഴുവന്‍ ഭാരവും ചുമലിലിലേറ്റിയത്. കുടുംബം നോക്കാന്‍ പ്രായം പോലും മറന്ന് ഓട്ടോറിക്ഷ ഡ്രൈവറാകുകയായിരുന്നു. രണ്ട് മരുമക്കളും ഭാര്യയും നാലു കൊച്ചുമക്കളുമടങ്ങുന്ന കുടുംബമാണ് ദേശ്‍രാജിന്‍റേത്.

https://www.youtube.com/watch?v=MkwP6pJvK58

 

By Binsha Das

Digital Journalist at Woke Malayalam