മുട്ടിൽ (വയനാട്):
രാജ്യതലസ്ഥാനത്തെ കർഷകപോരാട്ടത്തിന് ഐക്യദാർഢ്യമറിയിച്ച് ട്രാക്ടർ റാലി നയിച്ചു രാഹുൽ ഗാന്ധി എംപി. വയനാട്ടിൽ മാണ്ടാട് മുതൽ മുട്ടിൽ വരെ നടന്ന റാലിയിൽ രാഹുലിനൊപ്പം ട്രാക്ടറുകളിൽ നൂറുകണക്കിനു കർഷകർ അണിചേർന്നു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഉപജീവന മാർഗമായ കൃഷിയെ അവരിൽ നിന്നു തട്ടിയെടുത്ത് തൻ്റെ രണ്ടു സുഹൃത്തുക്കൾക്കു സൗജന്യമായി നൽകാനാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമമെന്നു രാഹുൽ ഗാന്ധി പറഞ്ഞു.
കാർഷിക നിയമങ്ങൾ നടപ്പിലായാൽ വൻകിട വ്യവസായികൾ തീരുമാനിക്കുന്ന ചുളുവിലയ്ക്കു കാർഷികോൽപന്നങ്ങൾ വിൽക്കേണ്ട ഗതികേടാവും. ജനങ്ങൾ നന്നായി സമ്മർദം ചെലുത്തിയാൽ മാത്രമേ കേന്ദ്രം ഈ നിയമങ്ങൾ പിൻവലിക്കൂ.