Sat. Apr 20th, 2024
നെടുങ്കണ്ടം:

ശുചീകരണ തൊഴിലാളികളുടെ താൽക്കാലിക നിയമനത്തിൽ സിപിഎം നിർദേശം അവഗണിച്ച പ്രിൻസിപ്പലിനെതിരെ പാർട്ടിയുടെ പ്രാദേശിക നേതാക്കളുടെ ഭീഷണി. മഞ്ഞപ്പെട്ടി ഗവ പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ റെജികുമാറിന്റെ കയ്യും കാലും വെട്ടുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നാണു പരാതി. തുടർന്ന്, പ്രിൻസിപ്പൽ സ്ഥലംമാറ്റത്തിനു ശ്രമിക്കുകയാണ്.

താൽക്കാലിക ശുചീകരണ തൊഴിലാളികളുടെ 4 ഒഴിവിലേക്കു സിപിഎം പ്രാദേശിക നേതൃത്വം ശുപാർശ ചെയ്തവരെ നിയമിക്കാത്തതിന്റെ പേരിൽ വധഭീഷണിയുണ്ടെന്ന് ആരോപിച്ചാണ് പ്രിൻസിപ്പൽ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. പ്രിൻസിപ്പലും കോളജിലെ സ്റ്റാഫ് ക്ലബ്ബും ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കും നെടുങ്കണ്ടം പൊലീസിനും പരാതി നൽകി.

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശപ്രകാരമാണ് ജീവനക്കാരെ നിയമിക്കാൻ തീരുമാനിച്ചത്. കുടുംബശ്രീ യൂണിറ്റുകളിൽ നിന്നു ലഭ്യമായ ലിസ്റ്റ് പ്രകാരം കഴിഞ്ഞദിവസം ഇന്റർവ്യൂ നടത്തി 4 പേരെ നിയമിച്ചു. ഇന്റർവ്യൂവിനു ശേഷം പ്രിൻസിപ്പൽ കോട്ടയത്തെ വീട്ടിലേക്കു പോകുകയും ചെയ്തു.

47 പേരാണ് അപേക്ഷ നൽകിയിരുന്നത്. ഇതിൽ ചിലരെ നിയമിക്കണമെന്ന് പ്രാദേശിക സിപിഎം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. തങ്ങൾ പറഞ്ഞവരെ എന്തുകൊണ്ട് നിയമിച്ചില്ല എന്ന് ആക്രോശിച്ച് വധഭീഷണി മുഴക്കിയെന്നും ഇനി മഞ്ഞപ്പെട്ടിയിലേക്കു വന്നാൽ കാലും കയ്യും വെട്ടുമെന്ന് പറഞ്ഞെന്നും പ്രിൻസിപ്പൽ റെജി കുമാർ ആരോപിക്കുന്നു. എന്നാൽ, സിപിഎം നേതൃത്വം ആരോപണം നിഷേധിച്ചു.

By Divya