Sat. Nov 23rd, 2024
മെല്‍ബണ്‍:

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കൊവിഡ് വാക്‌സിനെതിരെ കാണികള്‍ ഉയര്‍ത്തിയ പ്രതിഷേധത്തില്‍ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. കാണികളുടെ പ്രവൃത്തി അറപ്പുളവാക്കുന്നതാണ് എന്നായിരുന്നു സര്‍ക്കാരിന്റെ പ്രതികരണം.കഴിഞ്ഞ ദിവസം നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ചായിരുന്നു കാണികള്‍ വാക്‌സിനെതിരെ പ്രതിഷേധമുയര്‍ത്തിയത്.

ആഗോള തലത്തില്‍ നടക്കുന്ന കൊവിഡ് വാക്‌സിനേഷന്‍ നടപടികള്‍ ശുഭപ്രതീക്ഷ നല്‍കുന്നുവെന്ന് ചടങ്ങിലെത്തിയ അതിഥി പറഞ്ഞതിന് പിന്നാലെ കാണികള്‍ കളിയാക്കി കൂവുകയായിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യവ്യാപകമായി കൊവിഡ് വാക്‌സിനേഷന്‍ പരിപാടി ആരംഭിക്കാനിരിക്കേ ജനങ്ങളുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന ഇത്തരം പ്രതികരണങ്ങള്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന് ആശങ്കയായിട്ടുണ്ട്.

രാജ്യത്ത് വ്യാപകമാകുന്ന വാക്‌സിന്‍ വിരുദ്ധ പ്രചാരണം മുഴുവന്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ഏറെ ദോഷകരമായി ബാധിക്കുമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്.

By Divya