Mon. Dec 23rd, 2024
ന്യൂഡൽഹി:

ആമസോണിൻ്റെ ഹർജിയിൽ സുപ്രീം കോടതി ഫ്യൂചർ റീട്ടെയ്‌ൽ ലിമിറ്റഡിനും മറ്റുള്ളവർക്കും നോട്ടീസ് അയച്ചു.
ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച സ്റ്റാറ്റസ് ക്വോ നിലനിർത്താനുള്ള ഉത്തരവിനെതിരായാണ് ഹർജി. ജസ്റ്റിസുമാരായ ആർ എഫ് നരിമാൻ, ബി ആർ ഗവായി എന്നിവരുടെ ബെഞ്ചാണ് വാദം കേൾക്കുന്നത്.

കിഷോർ ബിയാനി അടക്കമുള്ളവരോടാണ് മറുപടി തേടിയിരിക്കുന്നത്. ദേശീയ കമ്പനി ലോ ട്രൈബ്യൂണൽ നടപടികൾ മുന്നോട്ട് പോകുമെന്നും എന്നാൽ അന്തിമ വിധി പുറപ്പെടുവിക്കില്ലെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. മൂന്നാഴ്ചക്കകം നോട്ടീസ് കിട്ടിയവർ മറുപടി നൽകണം. അതിന് ശേഷം ആമസോണിന്റെ ഹർജിയിൽ അഞ്ചാഴ്ച്ചക്കകം വാദം കേൾക്കും.

കഴിഞ്ഞ മാസമാണ് ആമസോൺ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ഫ്യൂചർ റീടെയ്ൽ – റിലയൻസ് ഇടപാടുമായി മുന്നോട്ട് പോകരുതെന്ന സിങ്കപ്പൂർ അന്താരാഷ്ട്ര ആർബിട്രേഷൻ സെന്ററിൻ്റെ വിധി പാലിക്കാതിരുന്ന സാഹചര്യത്തിൽ ഫ്യൂചർ റീടെയ്ൽ ഗ്രൂപ്പിനെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ഹർജി.

By Divya