Sat. Nov 23rd, 2024
വാഷിംഗ്ടണ്‍:

2015ലെ ആണവകരാറുമായിബന്ധപ്പെട്ടവിഷയങ്ങൾ ഇറാനുമായി ചര്‍ച്ച ചെയ്യാൻ തയ്യാറായാണെന്ന് അമേരിക്ക. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കരാറില്‍ നിന്നും പിന്മാറിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇപ്പോള്‍ ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് ഇറാനും അമേരിക്കയും തമ്മില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത്.

ആണവ കരാറില്‍ ഉള്‍പ്പെട്ട യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ജെസിപിഒഎ കരാറിലേക്ക് തിരിച്ചെത്താനുള്ള ജോ ബൈഡന്റെ തീരുമാനത്തെ കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ സംസാരിച്ചത്. ആണവ കരാര്‍ പൂര്‍ണ്ണമായും പാലിക്കാന്‍ ഇറാന്‍ തയ്യാറാണെങ്കില്‍ കരാറിലേക്ക് മടങ്ങിയെത്താന്‍ അമേരിക്കയും തയ്യാറാണെന്നാണ് ബ്ലിങ്കണ്‍ അറിയിച്ചത്.

കരാറില്‍ ഉള്‍പ്പെട്ട മറ്റു രാജ്യങ്ങളുമായുള്ള ചര്‍ച്ചക്ക് തയ്യാറാണെന്നും ബ്ലിങ്കണ്‍ അറിയിച്ചു.
അമേരിക്കയുടെ തീരുമാനത്തിന് പിന്നാലെ പ്രതികരണവുമായി ഇറാനുംരംഗത്തെത്തി. ഇത്തരം നടപടികളെല്ലാം നല്ലതാണെന്നും എന്നാല്‍ ഇറാനുമേലുള്ള ഉപരോധം പിന്‍വലിക്കുകയാണ് യുഎസ് ആദ്യം ചെയ്യേണ്ടതെന്നുമാണ് ഇറാന്‍ വിദേശകാര്യ സെക്രട്ടറി സഈദ് ഖതീബ്‌സാദേഹ് പറഞ്ഞത്.

By Divya