Wed. Jan 22nd, 2025
ന്യൂഡൽഹി:

കേരളത്തിൽ തൊഴിൽ തേടിയുള്ള സമരത്തെ വിമർശിക്കുമ്പോഴും ബംഗാളിൽ സമരം സജീവമാക്കി സിപിഎം. സമരത്തിനെതിരെയുള്ള പൊലീസ് നടപടിക്കിടെ പരുക്കേറ്റു കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പ്രവർത്തകൻ മരിച്ചതിൽ പ്രതിഷേധിച്ചു പാർട്ടി യുവജന സംഘടനകൾ പൊലീസ് സ്റ്റേഷനുകൾ ഉപരോധിച്ചു. ഡൽഹിയിലും പ്രതിഷേധമുണ്ടായിരുന്നു.

മരിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ മൊയ്തുൽ ഇസ‍്‍ലാം മിദ്യയുടെ കുടുംബത്തിനു ജോലി നൽകാമെന്നു മുഖ്യമന്ത്രി മമത ബാനർജി ഇടതു നേതാക്കളെ അറിയിച്ചു. മരണത്തിൽ ദുഃഖം പ്രകടിപ്പിച്ച മമത എന്തു കൊണ്ടാണു പരുക്കേറ്റയാളെ 2 ദിവസം ആശുപത്രിയിലെത്തിക്കാതിരുന്നതെന്ന സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

11ന് കൊൽക്കത്ത എസ്പ്ലനേഡിൽ സമരക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണു യുവാവിനു പരുക്കേറ്റത്. 13നാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. 15നു രാവിലെ മരിച്ചു. ഇടതു സഹയാത്രികനായ ഒരു ഡോക്ടറുടെ പരിചരണത്തിലായിരുന്നു 2 ദിവസം യുവാവ്.

കടുത്ത മർദനം മൂലം വൃക്ക തകരാറിലായതും തുടർന്നുണ്ടായ ഹൃദയസ്തംഭനവുമാണു മരണ കാരണമെന്ന് ഇടതു നേതാക്കൾ പറയുന്നു.ജോലി തേടുന്നവരോട് തൃണമൂൽ സർക്കാർ മനഃസാക്ഷിയില്ലാതെ പെരുമാറുന്നതിന്റെ തെളിവാണ് മിദ്യയുടെ മരണമെന്ന് എസ്എഫ്ഐ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് പറഞ്ഞു.

By Divya