Mon. Dec 23rd, 2024
Salim Kumar

കൊച്ചി:

കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ കൊച്ചി എഡിഷന്റെ ഉദ്ഘാടന ചടങ്ങ് നാളെ നടക്കാനിരിക്കെ ദേശീയ അവാർഡ് ജേതാവും നടനുമായ സലിം കുമാറിനെ ക്ഷണിക്കാത്തത് വിവാദമാകുന്നു. പ്രായക്കൂടുതല്‍ കൊണ്ടാണ് വിളിക്കാത്തതെന്നാണ് താന്‍ അന്വേഷിച്ചപ്പോള്‍ മറുപടി ലഭിച്ചതെന്ന് സലീം കുമാര്‍ പറഞ്ഞു.തന്റെ രാഷ്ട്രീയത്തോടുള്ള എതി൪പ്പും കാരണമാകാം വിളിക്കാത്തതെന്നും, ഇനി വിളിച്ചാലും പങ്കെടുക്കില്ലയെന്നും സലിംകുമാര്‍ പ്രതികരിച്ചു.

മേളയില്‍ ദേശീയ പുരസ്‌കാര ജേതാക്കളാണ് തിരി തെളിക്കുക. തന്നെ വിളിക്കാതിരുന്നത് അപമാനിക്കുന്നതിന് തുല്യമാണെന്നും സലീം കുമാര്‍ പറഞ്ഞു.

”ചെറുപ്പക്കാര്‍ക്ക് അവസരം കൊടുക്കുമെന്ന മുട്ടുന്യായമാണ് നല്‍കുന്നത്. പ്രായത്തിന്റെ കാര്യം പറയുകയാണെങ്കില്‍ ആഷിക് അബുവും അമല്‍ നീരദുമെല്ലാം എന്റെ ജൂനിയര്‍മാരായി കോളേജില്‍ പഠിച്ചവരാണ്. ഞാനും അവരും തമ്മില്‍ അധികം പ്രായവ്യത്യാസമൊന്നുമില്ല. ഇവിടെ രാഷ്ട്രീയമാണ് വിഷയം. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ മാത്രമല്ല എനിക്ക് ഇവിടെ പുരസ്‌കാരം ലഭിച്ചത്. സിപിഎം ഭരിക്കുമ്പോഴും പുരസ്‌കാരം നേടിയിട്ടുണ്ട്”.-സലീം കുമാര്‍ പറഞ്ഞു.

അതേസമയം, രാഷ്ട്രീയമല്ല കാരണമെന്നും സലീം കുമാറിനെ വിളിക്കാൻ വൈകിയതാവുമെന്നും സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ പ്രതികരിച്ചു. സലിം കുമാറിനെ ഒഴിവാക്കി കൊച്ചിയിൽ ഒരു മേള സാധ്യമല്ലെന്നും പറഞ്ഞു.

https://www.youtube.com/watch?v=68Ghq4Lg9wU

 

By Binsha Das

Digital Journalist at Woke Malayalam