Thu. Dec 19th, 2024
റിയാദ്:

സൗദി അറേബ്യയിലെ അബഹ വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൂതി ഭീകരാക്രമണം. ശനിയാഴ്ച അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി യെമനില്‍ നിന്ന് ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ അയച്ച ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു.

തുടര്‍ച്ചയായി സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഹൂതികള്‍ ആക്രമണം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ഹൂതികള്‍ അബഹ വിമാനത്താവളം ലക്ഷ്യമാക്കി സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ അയച്ചിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തില്‍ നിർത്തിയിട്ടിരുന്ന ഒരു യാത്രാവിമാനത്തിന് തീപ്പിടിച്ചു. വളരെ വേഗം തീയണക്കാൻ കഴിഞ്ഞത് കൊണ്ട് വലിയ അപകടം ഒഴിവായി. അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ഭീകരാക്രമണത്തെ വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും അപലപിച്ചിരുന്നു.

ഇതിന്‍റെ പശ്ചാത്തലത്തില്‍ ഹൂതി ഭീഷണി അവസാനിപ്പിക്കാന്‍ യുഎന്‍ രക്ഷാ സമിതി ഇടപെടണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. യുഎന്‍ രക്ഷാ സമിതിക്ക് അയച്ച കത്തില്‍ ഐക്യരാഷ്ട്ര സഭയിലെ സൗദി സ്ഥിരം പ്രതിനിധി അംബാസഡര്‍ അബ്ദുല്ല അല്‍മുഅല്ലിമിയാണ് മേഖലയിലെ സുരക്ഷയ്ക്കും അന്താരാഷ്ട്ര സമാധാനത്തിനും ഹൂതി മിലിഷ്യകള്‍ സൃഷ്ടിക്കുന്ന ഭീഷണി അവസാനിപ്പിക്കാന്‍ യുഎന്‍ രക്ഷാ സമിതി ഇടപെടണമെന്ന് ആവശ്യപ്പെട്ടത്

By Divya