Wed. Apr 24th, 2024

ന്യൂഡൽഹി:

സമരത്തിനുള്ള അവകാശമെന്നത് ഏതുസമയത്തും എവിടെയും സമരം ചെയ്യാനുള്ള അവകാശമല്ലെന്നു സുപ്രീം കോടതി. പൗരത്വനിയമത്തിനെതിരെ ഡൽഹി ഷഹീൻബാഗിൽ നടന്ന  സമരം സംബന്ധിച്ച സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്ന ഹർജി തള്ളി. 
നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാൻ ജനത്തിന് അവകാശമുള്ളപ്പോഴും പൊതുവഴികളും പൊതുസ്ഥലങ്ങളും സ്ഥിരംസമരവേദി ആക്കുന്നത് ഒരിടത്തും അനുവദിക്കാനാവില്ലെന്നാണു ഷഹീൻ ബാഗ് സമരം ചോദ്യം ചെയ്ത ഹർജിയിൽ കഴിഞ്ഞ ഒക്ടോബർ 7നു സുപ്രീം കോടതി വിധിച്ചത്. ഷഹീൻബാഗിലെ സമരക്കാരിലൊരാളായ കനീസ് ഫാത്തിമയാണ് ഈ വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകിയത്. 

നിശ്ചിതസ്ഥലങ്ങളിൽ മാത്രമേ സമരം നടത്താൻ പാടുള്ളൂവെന്ന കോടതി നിലപാട് വിയോജിപ്പിനും പ്രതിഷേധത്തിനുമുള്ള അവകാശത്തിനു വിരുദ്ധമാണെന്നു ഹർജിയിൽ പറഞ്ഞു. അധികാരികൾക്കു സമരക്കാരുമായി ചർച്ച നടത്തുകയോ ഉചിതമായ നടപടിയെടുക്കുകയോ ചെയ്യാമെന്നാണു കോടതി നിലപാട്. എന്നാൽ, ചർച്ചയല്ല, നടപടി മാത്രമാവും അധികാരികൾ താൽപര്യപ്പെടുക. സമരക്കാരുടെ ഭാഗം കേൾക്കാതെയായിരുന്നു വിധിയെന്നും ഹർജിക്കാരി വാദിച്ചു. 

By Divya