തിരുവനന്തപുരം:
ചോദിച്ച 12 ആവശ്യങ്ങളിൽ ഒന്നു കിട്ടി. ചോദിക്കാതെ രണ്ടെണ്ണം തന്നു. അതിനൊപ്പം ഒട്ടും പ്രതീക്ഷിക്കാത്ത വലിയ സംഖ്യ റവന്യു കമ്മി നികത്താൻ ധനകാര്യ കമ്മിഷൻ അനുവദിക്കുകയും ചെയ്തു. കേന്ദ്ര ധനവകുപ്പിനോടുള്ള 12 മുഖ്യ ആവശ്യങ്ങളിൽ അടിസ്ഥാന സൗകര്യം വികസന പദ്ധതി കൊച്ചി മെട്രോ മാത്രമായിരുന്നു. ബാക്കിയെല്ലാം വിവിധ മേഖലകളുടെ വികസനത്തിനും സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ.
നിലവിലെ ദേശീയപാതയുടെ വികസനമാകാം ധനമന്ത്രി പ്രഖ്യാപിച്ച കേരളത്തിലെ പുതിയ റോഡ് ഇടനാഴിയെന്നാണു കേരളം കരുതുന്നത്. ഇങ്ങനെ ഒരു പദ്ധതി കേരളം ആവശ്യപ്പെട്ടിട്ടേയില്ല. റോഡ് വീതികൂട്ടുകയോ റോഡിനു മുകളിലൂടെ എലിവേറ്റഡ് ഹൈവേ നിർമിക്കുകയോ ആണ് ഇനി പ്രായോഗികം. സ്ഥലമേറ്റെടുത്തു പുതിയ ഇടനാഴി നിർമിക്കുക വിദൂരമായ സ്വപ്നം മാത്രം.