ബംഗളുരു: ഹിന്ദു മതത്തിലെ ആര്‍ക്കും തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാന്‍ ബിജെപി തയ്യാറാണെന്നും ഒരു മുസ്ലിമിനെ പോലും പരിഗണിക്കില്ലെന്നും കര്‍ണാടകത്തിലെ ബിജെപി മന്ത്രി കെ എസ് ഈശ്വരപ്പ. “ഹിന്ദുക്കളില്‍ ലിംഗായത്തുകള്‍, കുറുബകള്‍, വൊക്കലിഗക്കാര്‍, ബ്രാഹ്മണര്‍ തുടങ്ങി ആര്‍ക്ക് വേണമെങ്കിലും സീറ്റ് നല്‍കും. എന്നാല്‍ ഒറ്റ മുസ്ലിമിന് പോലും അവസരം നല്‍കില്ല,” എന്നായിരുന്നു ഗ്രാമവികസന മന്ത്രി ഈശ്വരപ്പയുടെ പരാമര്‍ശം.
കേന്ദ്ര സഹ മന്ത്രി സുരേഷ് അംഗാഡിയുടെ മരണത്തെ തുടര്‍ന്ന് ഉപ തെരഞ്ഞെടുപ്പ് നടക്കുന്ന ബലഗാവി ലോക്സഭ സീറ്റിലേക്ക് ഹിന്ദുക്കള്‍ക്ക് മാത്രമേ സീറ്റ് നല്‍കൂ എന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ബലഗാവി ഹിന്ദുത്വ കേന്ദ്രങ്ങളില്‍ ഒന്നാണ്. “ഹിന്ദുത്വ പ്രചാരകര്‍ക്ക് ഞങ്ങള്‍ സീറ്റ് നല്‍കും. എന്നാല്‍ സംഗൊള്ളി രായണ്ണ, കിട്ടൂര്‍ ചെന്നമ്മ, ശങ്കരാചാര്യര്‍ ഇവരില്‍ ആരുടെയെങ്കിലും അനുയായികള്‍ക്ക് നല്‍കുമോ എന്ന് പറയാനാകില്ല”, ഈശ്വരപ്പ പറഞ്ഞു.
ബിജെപിയില്‍ വിശ്വസിക്കാത്ത മുസ്ലിങ്ങള്‍ക്ക് സീറ്റ് നല്‍കില്ലെന്ന് കഴിഞ്ഞ ഏപ്രിലിലും ഈശ്വരപ്പ പറഞ്ഞത് വിവാദമായിരുന്നു. “ഞങ്ങള്‍ മുസ്ലിങ്ങള്‍ക്ക് സീറ്റ് നല്‍കാതിരിക്കാന്‍ കാരണമെന്താണ്? കാരണം നിങ്ങള്‍ക്ക് ഞങ്ങളെ വിശ്വാസമില്ല. ഞങ്ങളെ വിശ്വസിച്ചാല്‍ നിങ്ങള്‍ക്ക് ഞങ്ങള്‍ സീറ്റ് നല്‍കും” എന്നായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ പരാമര്‍ശം.
അതെ സമയം കുറുബ സമുദായത്തില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവ് ഈശ്വരപ്പയെ ന്യായീകരിച്ചു. ജില്ലയില്‍ നിന്നുള്ള നേതാവായ ഇക്‌ബാല്‍ അന്‍സാരിക്ക് സീറ്റ് നല്‍കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.