കൊച്ചി: ഹോട്ടലുകള്‍ക്ക് സ്‌റ്റാര്‍ പദവി ലഭിക്കാന്‍ കേന്ദ്ര ടൂറിസം ഉദ്യോഗസ്ഥര്‍ക്ക് കോടികള്‍ കോഴ നല്‍കിയതായി സിബിഐ കണ്ടെത്തി. ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലും സിബിഐ റെയ്‌ഡില്‍ 55 ലക്ഷം രൂപ പിടിച്ചെടുത്തു. അടിസ്ഥാന സൗകര്യം പോലും ഇല്ലാത്ത ഹോട്ടലുകള്‍ക്ക് സ്‌റ്റാര്‍ പദവി നല്‍കിയതായാണ് അന്വേഷണ സംഘം കണ്ടത്തിയത്. ഇടനിലക്കാര്‍ വഴിയാണ് കോഴ കൈമാറിയത്.
ഇന്ത്യ ടൂറിസം ചെന്നൈ റീജ്യണല്‍ ഡയറക്ടര്‍ സഞ്‌ജയ് വാട്ട്‌സിനും അസിസ്റ്റന്റ് ഡയറക്ടര്‍ എസ് രാമകൃഷ്‌ണയും ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങിയതായാണ് സൂചന. ഇരുവരുടെയും ഭാര്യമാരുടെ അക്കൗണ്ടുകളിലേക്കാണ് ഹോട്ടലുടമകള്‍ കോഴപ്പണം നിക്ഷേപിച്ചത്. രണ്ട് ഉദ്യോഗസ്ഥര്‍ക്കും വന്‍ തോതില്‍ അനധികൃത സ്വത്തുള്ളതായും സിബിഐ കണ്ടെത്തി. ഇരുവരും കുറച്ചുനാളായി സിബിഐ നിരീക്ഷണത്തിലായിരുന്നു. ഇന്ത്യ ടൂറിസത്തിന്റെ ചെന്നൈയിലെ റീജ്യണല്‍ ഓഫീസാണ് കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ സ്റ്റാര്‍ പദവി നല്‍കുന്നത്.
കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടയില്‍ സിബിഐ സംഘം സഞ്‌ജയ് വാട്ട്‌സിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്. ഇന്നലെ പുലര്‍ച്ചെ സഞ്‌ജയ് ചെന്നൈയിലേക്ക് പോകാന്‍ കൊച്ചി വിമാനത്തവാളത്തിലേക്ക് വരുന്നതിനിടയിലായിരുന്നു പരിശോധന. ഇയാളുടെ ഫോണില്‍ നിന്ന് കോഴ ഇടപാടിന്റെ വിവരങ്ങളും ഏജന്റുമാര്‍ വിളിച്ചതിന്റെ കോള്‍ ലിസ്‌റ്റും കണ്ടെത്തിയിരുന്നു. ഹോട്ടലുകളും ഏജന്റുമാരുടെ വീടുകളും കേന്ദ്രീകരിച്ച് സിബിഐ റെയ്‌ഡ് തുടരുകയാണ്.