Fri. Nov 22nd, 2024
Love Jihad Pic: C Deccan heralad

ലക്‌നൗ: ഉത്തര്‍ പ്രദേശ്‌ സര്‍ക്കാരിന്റെ ‘ലൗ ജിഹാദ്‌’ വിരുദ്ധ നിയമ നിര്‍മാണ നീക്കത്തിന്‌ തിരിച്ചടിയായി അലഹബാദ്‌ ഹൈക്കോടതി വിധി. പ്രായപൂര്‍ത്തിയായ രണ്ട്‌ പേരുടെ വ്യക്തിപരമായ ബന്ധത്തില്‍ ഇടപെടുന്നത്‌ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന്‌ മേലുള്ള കടന്നുകയറ്റമാണെന്ന്‌ കോടതി നിരീക്ഷിച്ചു.

യുപിലെ കുശിനഗറില്‍ നിന്നുള്ള സലാമത്ത്‌ അന്‍സാരി, പ്രിയങ്ക ഖര്‍വാറിനെ വിവാഹം കഴിച്ചതിനെതിരെ പ്രിയങ്കയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസിന്റെ എഫ്‌ഐആര്‍ കോടതി റദ്ദാക്കി. “ഞങ്ങള്‍ പ്രിയങ്ക ഖര്‍വാറിനെയും സലാമത്ത്‌ അന്‍സാരിയെയും മുസ്ലിമും ഹിന്ദുവുമായല്ല കാണുന്നത്‌. സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച്‌ ജീവിക്കാന്‍ തീരുമാനിക്കുകയും ഒരു വര്‍ഷമായി സന്തോഷത്തോടെ ജീവിക്കുകയും ചെയ്യുന്ന മുതിര്‍ന്ന രണ്ട്‌ വ്യക്തികളായാണ്‌” കോടതി വ്യക്തമാക്കി.

പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക്‌ ഒരേ ലിംഗത്തില്‍ പെട്ടവരാണെങ്കിലും ഒരുമിച്ച്‌ ജീവിക്കാന്‍ നിയമപരമായ അവകാശമുണ്ട്‌. അവരുടെ അവകാശത്തിന്‌ മേല്‍ അതിക്രമിച്ച്‌ കയറാന്‍ മറ്റുള്ളവര്‍ക്കോ ഭരണകൂടത്തിനോ അവകാശമില്ല.

സലാമത്ത്‌ അന്‍സാരി അച്ഛനമ്മമാരുടെ ആഗ്രഹത്തിന്‌ വിരുദ്ധമായാണ്‌ പ്രിയങ്കയെ വിവാഹം ചെയ്‌തത്‌. പ്രിയങ്കയെ അന്‍സാരി മതം മാറ്റി വിവാഹം ചെയ്‌തുവെന്നയിരുന്നു പ്രിയങ്കയുടെ പിതാവിന്റെ പരാതി. പ്രിയങ്ക വിവാഹത്തിന്‌ മുമ്പ്‌ മത പരിവര്‍ത്തനം നടത്തി അലിയ എന്ന പേര്‌ സ്വീകരിച്ചു. മകളെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്‌തുവെന്ന്‌ ആരോപിച്ച്‌ പ്രിയങ്കയുടെ വീട്ടുകാര്‍ പരാതി നല്‍കി. മകള്‍ക്ക്‌ പ്രായപൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ പോക്‌സോ ചുമത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. പരാതിയില്‍ പൊലീസ് കേസെടുത്തു.

നവംബര്‍ 11ന്‌ തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ സലാമത്ത്‌ അലഹബാദ്‌ ഹൈക്കോടതിയെ സമീപിച്ചു. ഈ കേസിലാണ്‌ ഏത്‌ മതത്തില്‍ പെടുന്നവരാണെങ്കിലും ഒരു വ്യക്തിക്ക്‌ സ്വന്തം ഇഷ്ടപ്രകാരം മറ്റൊരാള്‍ക്കൊപ്പം ജീവിക്കാന്‍ അവകാശമുണ്ടെന്ന്‌ കോടതി ഉത്തരവിട്ടത്‌. പ്രിയങ്കയുടെ വീട്ടുകാരുടെയും യുപി പൊലീസിന്റെയും വാദങ്ങള്‍ തള്ളിക്കൊണ്ടാണ്‌ 14 പേജുള്ള ഉത്തരവില്‍ വ്യക്തിയുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഹൈക്കോടതി ഉയര്‍ത്തിപ്പിടിച്ചത്‌. വിവാഹത്തിന്‌ വേണ്ടി മത പരിവര്‍ത്തനം ചെയ്യുന്നത്‌ നിരോധിച്ചിട്ടുണ്ടെന്നും വിവാഹം നിയമപരമല്ല എന്നുമായിരുന്നു യുപി സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം.

മിശ്ര വിവാഹത്തിന്‌ സംരക്ഷണം ആവശ്യപ്പെട്ട്‌ അഞ്ച്‌ ദമ്പതിമാര്‍ നല്‍കിയ ഹര്‍ജികളിലെ മുന്‍ ഉത്തരവുകള്‍ സംബന്ധിച്ചും ജഡ്‌്‌ജിമാരായ വിവേക്‌ അഗര്‍വാള്‍, പങ്കജ്‌ നഖ്‌വി എന്നിവരുടെ ബഞ്ച്‌ പരാമര്‍ശിച്ചു. വിവാഹത്തിന്‌ വേണ്ടി മതം മാറുന്നത്‌ അംഗീകരിക്കാനാവില്ലെന്ന സിംഗിള്‍ ബഞ്ച്‌ ഇത്തരവുകളില്‍ നിയമം നടപ്പായില്ലെന്നാണ്‌ തങ്ങള്‍ കരുതുന്നതെന്ന്‌ കോടതി പറഞ്ഞു. പങ്കാളിയെ തെരഞ്ഞെടുക്കാന്‍ പക്വതയുള്ള വ്യക്തികള്‍ക്ക്‌ അതിനുള്ള സ്വാതന്ത്ര്യവും അവകാശവും പരിഗണിച്ചില്ലെന്ന്‌ കോടതി നിരീക്ഷിച്ചു.

നേരത്തെ ഉത്തര്‍ പ്രദേശില്‍ നടന്ന 14 മിശ്ര വിവാഹങ്ങള്‍ക്കെതിരായ ലൗ ജിഹാദ്‌ ആരോപണം ശരിയല്ലെന്ന്‌ യുപി പൊലിസ്‌ കണ്ടെത്തിയിരുന്നു. നിര്‍ബന്ധിത മത പരിവര്‍ത്തനം, ഗൂഢാലോതന, വിദേശ ഫണ്ടിംഗ്‌ തുടങ്ങിയ ആരോപണങ്ങളൊന്നും തെളിയിക്കാന്‍ കഴിഞ്ഞില്ല. പരസ്‌പരം അറിയാവുന്ന പുരുഷന്മാരെയാണ്‌ പെണ്‍കുട്ടികള്‍ വിവാഹം കഴിച്ചത്‌.

ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശിലും മധ്യപ്രദേശിലും ഹര്യാനയിലും ‘ലൗ ജിഹാദ്‌’ തടയുന്നതിനുള്ള നിയമ നിര്‍മാണം കൊണ്ടുവരാനിരിക്കുന്ന സാഹചര്യത്തില്‍ അലഹബാദ് ഹൈക്കോടതി വിധിക്ക്‌ വലിയ പ്രാധാന്യമുണ്ട്‌.