Mon. Dec 23rd, 2024
AKG Centre Thiruvanthapuram Pic (C) Janam TV

തിരുവനന്തപുരം: മുഖ്യമന്ത്രിയെയും സംസ്ഥാന സര്‍ക്കാരിനെയും ലക്ഷ്യം വെച്ചാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്‌. മാധ്യമങ്ങള്‍ പുറത്തുവിട്ട ശബ്ദരേഖയനുസരിച്ച്‌ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പ്രതികളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ്‌ വ്യക്തമാകുന്നത്‌. മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി എല്‍ഡിഎഫ്‌ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നതു സംബന്ധിച്ച വിവരങ്ങള്‍ അതീവ ഗൗരവതരമാണെന്ന്‌ സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

കോടതിയില്‍ സമര്‍പ്പിച്ച മൊഴി വായിച്ചു നോക്കാന്‍ പോലും നല്‍കിയിട്ടില്ലെന്നാണ്‌ പ്രതി പറഞ്ഞിരിക്കുന്നത്‌. ശിവശങ്കറിന്റെ ജാമ്യാപേക്ഷ നിരസിച്ച വിചാരണ കോടതി വിധിയില്‍ ഈ മൊഴിയുടെ വിശ്വസനീയത ചോദ്യം ചെയ്‌തിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യത തന്നെയാണ്‌ കോടതി ചോദ്യം ചെയ്‌തത്‌.

സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതികളെ മാപ്പുസാക്ഷിയാക്കാമെന്ന്‌ പ്രലോഭിപ്പിച്ചും സമ്മര്‍ദ്ദം ചെലുത്തിയും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നത്‌ നിയമ സംവിധാനത്തോടും ജനാധിപത്യ വ്യവസ്ഥയോടുമുള്ള പരസ്യമായ വെല്ലുവിളിയാണ്‌. രാഷ്ട്രീയ നേതൃത്വത്തിന്റെ പേര്‌ പറയുന്നതിന്‌ തന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന്‌ മറ്റൊരു പ്രതിയായ എം ശിവശങ്കറും കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പരസ്‌പര വിരുദ്ധമെന്ന്‌ കോടതി തന്നെ നിരീക്ഷിച്ച ഇ.ഡി റിപ്പോര്‍ട്ട്‌, മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും ലക്ഷ്യം വെച്ചുള്ള തിരക്കഥക്കയ്‌ക്കനുസരിച്ചാണ്‌ അന്വേഷണ പ്രഹസനം നടത്തുന്നത്.

രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട സ്വര്‍ണ്ണക്കടത്ത്‌ കേസ്‌ അന്വേഷിക്കുന്നതിന്‌ പകരം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക്‌ അനുസരിച്ച്‌ എല്‍ഡിഎഫ്‌ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിയുമോയെന്നാണ്‌ കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നത്‌. സ്വര്‍ണ്ണക്കടത്തിലൂടെ ലഭിച്ച പണം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ്‌ യുഎപിഎ ചുമത്തി എന്‍ഐഎ കേസ്‌ അന്വേഷിക്കുന്നത്‌. അതിനെ പൂര്‍ണ്ണമായും നിഷേധിക്കുന്ന ഇഡി റിപ്പോര്‍ട്ട്‌ രാജ്യദ്രോഹക്കുറ്റത്തെ പരോക്ഷമായി റദ്ദാക്കുന്നതാണ്‌.

ഇഡി കേസുപോലും അസാധുവാക്കപ്പെടുമല്ലോ എന്ന്‌ കോടതി തന്നെ ഈ ഘട്ടത്തില്‍ പരോക്ഷമായി നിരീക്ഷിച്ചു. സങ്കുചിത രാഷ്ട്രീയ ലക്ഷ്യം നിര്‍വ്വഹിക്കുന്നതിനോടൊപ്പം യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തതിനും‌ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നതായി‌ സംശയിക്കേണ്ടിയിരിക്കുന്നു.

ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ രാഷ്ട്രീയമായും ഭരണപരമായും എതിര്‍ക്കാന്‍ കഴിയാത്ത ബി.ജെ.പി – യു.ഡി.എഫ്‌ കുട്ടുകെട്ട്‌ നടത്തുന്ന അപവാദ പ്രചാരവേലയ്‌ക്ക്‌ ആയുധങ്ങള്‍ ഒരുക്കി കൊടുക്കാന്‍ അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തും. ഈ കൂട്ടുകെട്ടിന്റെ ഉപകരണമായി അധഃപതിച്ച കേന്ദ്രഅന്വേഷണ ഏജന്‍സികളുടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ചെറുത്ത്‌ തോല്‍പ്പിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.