Fri. Nov 22nd, 2024
Bicycle-Kochi metro Pic(
കൊച്ചി:

സൈക്കിള്‍ സവാരിക്കാരെ പ്രോത്സാഹിപ്പിക്കാന്‍ കൊച്ചി മെട്രൊ പുതിയ പദ്ധതിക്ക്‌. യാത്രക്കാര്‍ക്ക്‌ സൈക്കിളുകള്‍ കയറ്റാന്‍ അനുമതി നല്‍കിയതായി കെഎംആര്‍എല്‍ അറിയിച്ചു. ഇതിനു പ്രത്യേക ചാര്‍ജ്ജ്‌ നല്‍കേണ്ടതില്ല. ആദ്യഘട്ടത്തില്‍ ആറ്‌ സ്‌റ്റേഷനുകളിലാണ്‌ സൗകര്യം അനുവദിക്കുക.

ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക്‌, പാലാരിവട്ടം, എറണാകുളം നോര്‍ത്ത്‌ ടൗണ്‍ ഹാള്‍, എറണാകുളം സൗത്ത്‌, മഹാരാജാസ്‌ കോളെജ്‌, എളംകുളം എന്നിവടങ്ങളിലാണിത്‌. സേവനം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്ന മുറയ്‌ക്ക്‌ എല്ലാ മെട്രൊ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കാനാണ്‌ പദ്ധതി.

സ്റ്റേഷനിലെ എലെവേറ്ററുകള്‍ സൈക്കിള്‍ മുകളിലേക്കു കൊണ്ടുവരാനും ഇറക്കാനും ഉപയോഗിക്കാം. ട്രെയിനിന്റെ രണ്ട്‌ അറ്റത്തുമാണ്‌ സൈക്കിള്‍ സൂക്ഷിക്കേണ്ടത്‌.

മെട്രൊ റെയില്‍ സര്‍വീസിന്റെ തുടക്കം മുതല്‍ സൈക്കിള്‍ സവാരി സൗഹൃദനയം കെഎംആര്‍എല്‍ നടപടി സ്വീകരിച്ചിരുന്നു. മെട്രൊ റൂട്ടില്‍ സൈക്കിള്‍ പാതകള്‍ സജ്ജീകരിച്ചതിനു പിന്നാലെ സൈക്കിള്‍ സര്‍വ്വീസിനുള്ള സൗകര്യവുമൊരുക്കിയിരുന്നു.

സ്റ്റേഷനുകളില്‍ യഥേഷ്ടം പാര്‍ക്ക്‌ ചെയ്‌ത്‌ പോകാനും അടുത്ത സ്‌റ്റേഷനില്‍ മറ്റൊന്ന്‌ ഉപയോഗിക്കാനുമാകുന്ന സൈക്കിള്‍ സര്‍വീസ്‌, സ്റ്റാര്‍ട്ടപ്പ്‌ സഹകരണത്തോടെ നടത്തിയെങ്കിലും കാര്യമായ പ്രോത്സാഹനം കിട്ടാതെ നിലച്ചു പോകുകയായിരുന്നു.

ഇപ്പോള്‍ നഗരത്തില്‍ സൈക്കിള്‍ സവാരിക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്‌. നിരവധി സൈക്കിള്‍ ക്ലബ്ബുകളും മാരത്തണ്‍ സവാരിക്കാരും നഗരക്കാഴ്‌ചയുടെ ഭാഗമായിരിക്കുന്നു.