Sun. Dec 22nd, 2024

കൊല്‍ക്കത്ത:

ബീഹാര്‍ നിയമ സഭ തെരഞ്ഞെടുപ്പില്‍ അഞ്ച്‌ സീറ്റുകളിലെ വിജയ നേട്ടവുമായി അസദുദ്ദീന്‍ ഉവൈസിയുടെ മജലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പശ്ചിമ ബംഗാളിലും മത്സരിക്കാന്‍ ഒരുങ്ങുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉവൈസി രംഗത്തെത്തി.

ബംഗാളില്‍ മമതയുടെ ഭരണത്തില്‍ മുസ്ലിങ്ങള്‍ ഒറ്റപ്പെട്ടതായി ഉവൈസി ആരോപിച്ചു. മറ്റ്‌ സംസ്ഥാനങ്ങളേക്കാള്‍ മോശമാണ്‌ ബംഗാളിലെ മുസ്ലിങ്ങളുടെ സാമൂഹിക- സാമ്പത്തിക സാഹചര്യം. തന്റെ അനുഭവത്തില്‍ നിന്നാണ്‌ ഇത്‌ പറയുന്നത്‌. കണക്കുകളും അത്‌ തന്നെയാണ്‌ പറയുന്നത്‌.

ബംഗാളില്‍ 2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപി ഉണ്ടാക്കിയ നേട്ടം മതേതര പാര്‍ട്ടികളുടെ പരാജയമാണ്‌ കാണിക്കുന്നതെന്ന്‌ ഉവൈസി പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ വികാരങ്ങള്‍ സംരക്ഷിക്കുന്നതില്‍ മമത സര്‍ക്കാര്‍ പരാജയപ്പെട്ടു.

ബംഗാളില്‍ മുസ്ലിങ്ങള്‍ ഒരു ബദലിന്‌ വേണ്ടി കാത്തിരിക്കുകയാണ്‌. അവിടെ മജ്‌ലിസ്‌ പാര്‍ട്ടിക്ക്‌ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട്‌. എന്നാല്‍ പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങള്‍ ആ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണോ എന്ന്‌ മനസിലാക്കേണ്ടതുണ്ട്‌. പാര്‍ട്ടി ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കുമെന്നും ഉവൈസി പറഞ്ഞു.