Mon. Dec 23rd, 2024
കൊച്ചി:

വീടുകളിലേക്ക്‌ പൈപ്പ്‌ ലൈനിലൂടെ പാചകവാതക (പിഎന്‍ജി)മെത്തിക്കുന്ന ഗെയില്‍ പദ്ധതി പ്രവര്‍ത്തനസജ്ജമായി. എറണാകുളം നഗരത്തില്‍ നടപ്പാക്കുന്ന സിറ്റി ഗ്യാസ്‌ പദ്ധതിക്കു വേണ്ടിയുള്ള കൊച്ചി- മംഗളൂരു പ്രകൃതി വാതകക്കുഴല്‍ അവസാനഘട്ടം പൂര്‍ത്തീകരിക്കുന്നതോടെ ഈയാഴ്‌ചയോടെ പാചകവാതകവിതരണം നടത്താനാകും. അദാനി ഗ്രൂപ്പും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും സംയുക്തമായി രൂപീകരിച്ച ഐഒസി അദാനി ഗ്യാസ്‌ ലിമിറ്റഡാണ്‌ സിറ്റി ഗ്യാസ്‌ പദ്ധതി നടപ്പാക്കുന്നത്‌.

ശനിയാഴ്‌ചയാണ്‌ രണ്ടാംഘട്ടത്തിലെ സുപ്രധാന ഘട്ടമായ കാസര്‍ഗോഡ്‌ ചന്ദ്രഗിരിപ്പുഴയ്‌ക്കു കുറുകെ ഒന്നര കിലോമീറ്റര്‍ പൈപ്പ്‌ ലൈന്‍ സ്ഥാപിച്ചത്‌. ഇതോടെ പൈപ്പു വഴി അടുക്കളയില്‍ പാചകവാതകം എത്തിക്കുന്ന പിഎന്‍ജി പദ്ധതി പൂര്‍ണതോതില്‍ സജ്ജമാക്കാനാകും. കളമശേരി, തൃക്കാക്കര നഗരസഭകളില്‍ 2016ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കിയിരുന്നു. എന്നാല്‍ പണമടച്ച ഉപഭോക്താക്കളില്‍ വലിയൊരു വിഭാഗത്തിന്‌ ഇത്‌ പ്രാപ്‌തമാക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഗ്യാസ്‌ സിലിണ്ടറുകളില്‍ നിറയ്‌ക്കുന്ന എല്‍പിജിയെക്കാള്‍ അപകടസാധ്യത കുറഞ്ഞ പിഎന്‍ജി വളരെയേറെ സുരക്ഷിതമാണ്‌. മുപ്പത്‌ ശതമാനം വരെ ചെലവും കുറവാണ്‌. പാചകവാതകത്തിനുള്ള പിഎന്‍ജിക്കൊപ്പം വാഹന ഇന്ധനമായ സിഎന്‍ജിയും ലഭ്യമാക്കുന്ന പദ്ധതിയാണ്‌ സിറ്റി ഗ്യാസ്‌.

ഗെയില്‍ കുഴലില്‍ നിന്ന്‌ ഗ്യാസ്‌ വിതരണത്തിനുള്ള കണക്ഷനായി ടാപ്‌ ഓഫ്‌ സംവിധാനമാണ്‌ ഒരുക്കിയത്‌. അനുമതി ലഭിച്ച കമ്പനികള്‍ ഗെയില്‍ പൈപ്പില്‍ നിന്നുള്ള കണക്ഷനിലൂടെ വീടുകളിലേക്കുള്ള പിഎന്‍ജിയും എല്‍എന്‍ജി സ്റ്റേഷനുകളിലേക്ക്‌ സിഎന്‍ജിയും വിതരണം ചെയ്യും.

പദ്ധതിയുടെ ആദ്യഘട്ടം 2010ല്‍ ആരംഭിച്ച്‌ 2013ല്‍ കമ്മിഷന്‍ ചെയ്‌തിരുന്നു. കേരളത്തിലൂടെ കടന്നു പോകുന്നത്‌ 510 കിലോമീറ്റര്‍ പൈപ്പാണ്‌. ഇതില്‍ കൊച്ചിയില്‍ നിന്നു പാലക്കാട്‌, കൂറ്റനാട്‌ വരെ 90 കിലോമീറ്റര്‍ പൈപ്പ്‌ 2019ല്‍ കമ്മിഷന്‍ ചെയ്‌തിരുന്നു.

രണ്ടാംഘട്ടത്തിലെ ബാക്കിയുള്ള 354 കിലോമീറ്റര്‍ പൈപ്പാണ്‌ അന്ത്യഘട്ടത്തിലെത്തിയിരിക്കുന്നത്‌. ഇത്‌ ഡിസംബറില്‍ കമ്മിഷന്‍ ചെയ്യും. കൂറ്റനാട്‌ നിന്ന്‌ മംഗളൂരിലേക്ക്‌ 354 കിലോമീറ്റും ബംഗളൂരിലേക്ക്‌ 525 കിലോമീറ്ററും നീളത്തിലാണ്‌ ഗെയില്‍ കുഴല്‍ ഇടുന്നത്‌. ബംഗളൂരു ലൈനിന്റെ ഭാഗമായ കൂറ്റനാട്‌- വാളയാര്‍ പൈപ്പ്‌ ലൈന്‍ 2021 ജനുവരിയില്‍ കമ്മിഷന്‍ ചെയ്യും.