ചെന്നൈ:
സംഘപരിവാര്‍ വിദ്യാര്‍ത്ഥിസംഘടനയുടെ വിരട്ടലില്‍ മുട്ടു വിറച്ച തമിഴ്‌നാട്ടിലെ യൂണിവേഴ്‌സിറ്റി മലയാളിയും ബുക്കര്‍ സമ്മാന ജേത്രിയുമായ അരുന്ധതി റോയിയുടെ പുസ്‌തകം സിലബസില്‍ നിന്നു പിന്‍വലിച്ചു. ‘വോക്കിംഗ് വിത്ത് ദ് കൊമ്രേഡ്‌സ്’ എന്ന പുസ്‌തകമാണ് മനോന്മണ്യം സുന്ദരനാര്‍ സര്‍വ്വകലാശാല പിന്‍വലിച്ചത്.
2017 മുതല്‍ ഇംഗ്ലീഷ് എംഎ സിലബസില്‍ ഉള്‍പ്പെടുത്തിയ പുസ്‌തകത്തിനെതിരേ ഒരാഴ്‌ച മുമ്പ് എബിവിപി പ്രവര്‍ത്തകര്‍ രംഗത്തു വരുകയായിരുന്നു. പുസ്‌തകത്തില്‍ മാവോയിസ്‌റ്റുകളെ പിന്തുണയ്‌ക്കുന്നുവെന്നാണ് വാദം.
മാവോയിസ്‌റ്റ് ഒളിത്താവളങ്ങളിലേക്കുള്ള യാത്രകള്‍ പ്രതിപാദിക്കുന്ന ഭാഗങ്ങള്‍ ദേശവിരുദ്ധമാണെന്നു കാണിച്ചാണ് എബിവിപി പ്രതിഷേധം തുടങ്ങിയത്. ഇതു ചൂണ്ടിക്കാട്ടി യൂണിവേഴ്‌സിറ്റിക്ക് നോട്ടിസ് അയയ്‌ക്കുകയും ചെയ്‌തു.
ഇതേത്തുടര്‍ന്നാണ് സിലബസില്‍ നിന്നു പുസ്‌തകം നീക്കം ചെയ്‌ത തീരുമാനം യൂണിവേഴ്‌സിറ്റി അറിയിച്ചത്. എന്നാല്‍ എബിവിപി മാത്രമല്ല വിവിധ വിഭാഗങ്ങള്‍ ഇതേ ആവശ്യം ഉന്നയിച്ചതിനാലാണു തീരുമാനമെടുത്തതെന്ന് വൈസ് ചാന്‍സലര്‍ കെ പിച്ചുമണി ഇതേപ്പറ്റി നല്‍കിയ വിശദീകരണം.