കാസര്‍കോട്:
ഫാഷന്‍ ഗോള്‍ഡ് ജുവല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്ലിം ലീഗ് എംഎല്‍എ എം സി കമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം പരാതിക്കാരില്‍ നിന്ന് മൊഴിയെടുത്തിരുന്നു. തുടര്‍ന്ന് കമറുദ്ദീന്റെ ബിസിനസ് പങ്കാളിയായ പൂക്കോയ തങ്ങളെയും പ്രശ്‌ന പരിഹാരത്തിനായി മുസ്ലിം ലീഗ് നിയോഗിച്ച കല്ലട്ര മായിന്‍ ഹാജിയെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കമറുദ്ദീനെ കാസര്‍കോട് എസ് പി ഓഫീസില്‍ വെച്ച് ചോദ്യം ചെയ്യുന്നത്.
800 നിക്ഷേപകരില്‍ നിന്ന് 150 കോടി രൂപയോളം നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തിയതായാണ് ആരോപണം. ഉദുമയിലും കാസര്‍കോടുമായി 20ലേറെ കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. പണം തിരിച്ചുകിട്ടില്ലെന്ന് മനസിലാക്കിയ നിക്ഷേപകര്‍ പരാതി നല്‍കുകയായിരുന്നു. ഇതെ തുടര്‍ന്നാണ് കേസ് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തത്.
നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുന്നതിനായി മുസ്ലിം ലീഗ് നേതൃത്വം കല്ലട്ര മായിന്‍ ഹാജിയെ മധ്യസ്ഥനായി നിയോഗിച്ചിരുന്നു. എന്നാല്‍ നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കാനുള്ള സാധ്യത കാണുന്നില്ലെന്നാണ് അദ്ദേഹം പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.