Sat. Nov 23rd, 2024

ന്യൂഡെല്‍ഹി:
സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസിനെതിരായ പുതിയ പോസ്‌റ്റില്‍ ഖേദം പ്രകടിപ്പിച്ച്‌ അഡ്വ. പ്രശാന്ത്‌ ഭൂഷണ്‍. ചീഫ്‌ ജസ്റ്റിസ്‌ എസ്‌ എ ബോബ്‌ഡെക്ക്‌ മധ്യപ്രദേശ്‌ സര്‍ക്കാര്‍ പ്രത്യേക ഹെലികോപ്‌റ്റര്‍ ഏര്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച്‌ ഒക്ടോബര്‍ 21ന്‌ പോസ്‌റ്റ്‌ ചെയ്‌ത ട്വീറ്റി‌ല്‍ തെറ്റ് പറ്റിയതായി അദ്ദേഹം പറ‌ഞ്ഞു.

‘മധ്യപ്രദേശിലെ കൂറുമാറിയ എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന കേസ്‌ തന്റെ പരിഗണനയിലിരിക്കെ, കന്‍ഹ ദേശീയ ഉദ്യാനം സന്ദര്‍ശിക്കാന്‍ ചീഫ്‌ ജസ്റ്റിസിന്‌ നാഗ്‌പൂരിലേക്ക്‌ മധ്യപ്രദേശ്‌ സര്‍ക്കാര്‍ (മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത്‌) പ്രത്യേക വിമാനം ഏര്‍പ്പെടുത്തി. മധ്യപ്രദേശ്‌ സര്‍ക്കാരിന്റെ നിലനില്‍പ്പ്‌ ഈ കേസിനെ ആശ്രയിച്ചാണ്‌”, എന്നായിരുന്നു പ്രശാന്ത്‌ ഭൂഷന്റെ ട്വീറ്റ്‌.

ഇതില്‍ ഖേദം പ്രകടിപ്പിച്ചത്‌ പുതിയ ട്വീറ്റിലൂടെ ആയിരുന്നു. “കോണ്‍ഗ്രസില്‍ നിന്ന്‌ കൂറുമാറി ശിവരാജ്‌ സര്‍ക്കാരില്‍ സര്‍ക്കാരില്‍ മന്ത്രിമാരായവരുടെ നിലനില്‍പ്പ്‌ അവരുടെ പുനര്‍ തെരഞ്ഞെടുപ്പിനെ ആശ്രയിച്ചാണ്‌, അവരുടെ മന്ത്രിസ്ഥാനത്തെ ചോദ്യം ചെയ്‌തുകൊണ്ട്‌ ചീഫ്‌ ജസ്റ്റിസിന്റെ കോടതിയിലെ കേസിനെ ആശ്രയിച്ചല്ല. താഴെക്കൊടുത്തിരിക്കുന്ന എന്റെ ട്വീറ്റില്‍ ഖേദിക്കുന്നു.” ഇതായിരുന്നു നവംബര്‍ നാലിന്‌ നല്‍കിയ പുതിയ ട്വീറ്റ്‌.

ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയ്ക്ക്‌ എതിരായ ട്വിറ്റർ പരാമർശങ്ങളിൽ സ്വമേധയാ എടുത്ത കേസിൽ പ്രശാന്ത് ഭൂഷൺ കുറ്റക്കാരൻ ആണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു.