ജമ്മു:
ജമ്മു കശ്‌മീരിലെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ പുനസ്ഥാപിക്കുന്നത് വരെ താന്‍ മരിക്കില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുല്ല. “ജനങ്ങള്‍ക്ക് വേണ്ടി ചില കാര്യങ്ങള്‍ ചെയ്യുന്നതിന് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. അത് നേടിയെടുക്കുന്ന ദിവസം ഞാന്‍ മരിക്കും.” ജമ്മുവില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അദ്ദേഹം വികാരഭരിതനായി സംസാരിച്ചത്.
കശ്മീര്‍ പാകിസ്താന്‍റെ ഭാഗമാകണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കില്‍ അത് 1947ല്‍ തന്നെ നടക്കേണ്ടതായിരുന്നു. കശ്മീര്‍ ജനത ജവഹര്‍ലാല്‍ നെഹ്രുവിന്‍റെയും മഹാത്മ ഗാന്ധിയുടെയും ഇന്ത്യയൊടൊപ്പമാണ്, ബിജെപിയുടെ ഇന്ത്യയൊടൊപ്പമല്ല എന്ന് പറഞ്ഞത് ഷെയ്ക് അബ്ദുല്ലയാണ്.
തെറ്റായ ദിശയിലൂടെയാണ് ബിജെപി സര്‍ക്കാര്‍ രാജ്യത്തെ നയിക്കുന്നത്. ജമ്മു, ലഡാക്ക്, കശ്‌മീര്‍ എന്നീ പ്രദേശങ്ങളെ ജമ്മു കശ്‌മീരിലെ ജനങ്ങള്‍ വേര്‍തിരിച്ചു കണ്ടിട്ടില്ല. മൂന്ന് പ്രദേശങ്ങളെയും ഒന്നായാണ് കണ്ടിരുന്നത്. ഇവയെല്ലാം വിഭിന്നമാണെന്ന് കരുതുന്നില്ല. എന്നാല്‍ ബിജെപി സര്‍ക്കാര്‍ ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പൊള്ളയായ വാഗ്‌ദാനമാണ് നല്‍കുന്നതെന്ന് ഫറൂഖ് അബ്ദുല്ല പറഞ്ഞു.
കശ്‌മീരിന് പ്രത്യേക അവകാശം അനുവദിച്ചിരുന്ന ഭരണ ഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഭരണം ഒരു കാലത്തും സ്ഥിരമല്ലെന്നും ഒരു ദിവസം ബിജെപിയെ കസേരയില്‍ നിന്ന് താഴെയിറക്കുമെന്നും ഫറൂഖ് അബ്ദുല്ല പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് തുടര്‍ന്ന് സംസാരിച്ച ബിജെപിയും പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെ എതിര്‍ക്കുന്നതിന്റെ പേരില്‍ തങ്ങളെ ദേശവിരുദ്ധരായി മുദ്ര കുത്തുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു.