Wed. Jan 22nd, 2025
Wayanad encountered man's deadbody

കോഴിക്കോട്‌:

വയനാട്ടില്‍ പോലിസ്‌ വെടി വെച്ചു കൊന്ന മാവോവാദി പ്രവര്‍ത്തകന്‍ വേല്‍മുരുഗന്റെ ശരീരത്തില്‍ നിന്നു നാലു വെടിയുണ്ടകള്‍ കിട്ടിയതായി പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. നെഞ്ചിലും വയറിലുമായി നാല്‍പ്പതിലേറെ മുറിവുകള്‍ കണ്ടെത്തി. പരുക്കുകള്‍ പോലിസ്‌ ഏറ്റുമുട്ടലില്‍ സംഭവിച്ചവയാണെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു.

കോഴിക്കോട്‌ മെഡിക്കല്‍ കോളെജില്‍ നടത്തിയ പോസ്‌റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമികപരിശോധനാ റിപ്പോര്‍ട്ടാണ്‌ പുറത്തു വന്നിരിക്കുന്നത്‌. മരണം ഏറ്റമുട്ടലിനിടെയാകില്ലെന്ന ബന്ധുക്കളുടെയും സമീപവാസികളുടെയും സംശയം ശരിവെക്കുന്നതാണ്‌ റിപ്പോര്‍ട്ട്‌.

ഇത്രയധികം വെടിയുണ്ടകള്‍ ഒരേ സ്ഥലത്തു തന്നെ നിന്നു ലഭിച്ചത്‌ ഏറ്റുമുട്ടലല്ല ഉണ്ടായതെന്നതിനു തെളിവാണെന്നും വളരെ അടുത്തു നിന്ന്‌ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചു വെടിവെച്ചതാകുമെന്നുമാണ്‌ വേല്‍മുരുഗന്റെ മൃതദേഹം കണ്ട ശേഷം സഹോദരന്‍ മുരുഗന്‍ പ്രതികരിച്ചത്‌.

ഏറ്റുമുട്ടല്‍ സംബന്ധിച്ച്‌ പോലിസ്‌ വാദം തള്ളി പ്രദേശവാസികളും രംഗത്തെത്തിയിരുന്നു. രാവിലെ ഒമ്പതു മണിയോടെയാണ്‌ ഏറ്റുമുട്ടല്‍ നടന്നതെന്നായിരുന്നു പോലിസ്‌ അറിയിച്ചത്‌. എന്നാല്‍ രാവിലെ ഏഴു മണിക്കു തന്നെ വെടിയൊച്ച കേട്ടിരുന്നതായി കോളനിവാസികള്‍ പറഞ്ഞു.

വെടിവെപ്പ്‌ നടന്ന പടിഞ്ഞാറത്തറ ബാണാസുര വനമേഖലയില്‍ വെടിയേറ്റ്‌ നിലത്തു മരിച്ചു കിടക്കുന്ന നിലയിലാണ്‌ വേല്‍മുരുഗനെ കണ്ടെത്തിയത്‌. നെഞ്ചിലും മുതുകിലും വെടിയേറ്റ നിലിലായിരുന്നു മൃതശരീരം കിടന്നിരുന്നത്‌. ദേഹമാസകലം മുറിവുകളും ദൃശ്യമായിരുന്നു. ചൊവ്വാഴ്‌ച രാവിലെയാണ്‌ വെടിവെപ്പ്‌ നടന്നത്‌.

മാവോയിസ്‌റ്റ്‌ വിരുദ്ധപോരാട്ടത്തിനു രൂപം കൊടുത്ത പ്രത്യേക സായുധപോലിസ്‌ വിഭാഗം തണ്ടര്‍ബോള്‍ട്ട്‌ സംഘമാണ്‌ വേല്‍മുരുഗനെ വെടിവെച്ചുവീഴ്‌ത്തിയത്‌. ആറംഗസംഘം പട്രോളിംഗിനിറങ്ങിയ പോലിസിനെതിരേ വെടിയുതിര്‍ത്തപ്പോഴാണ്‌ പ്രത്യാക്രമണം നടത്തിയതെന്ന്‌ പോലിസ്‌ അറിയിച്ചു. ഇത്‌ വ്യാജ ഏറ്റുമുട്ടലാണെന്ന്‌ ആരോപിച്ച്‌ പ്രതിപക്ഷം രംഗത്തെത്തിയ സാഹചര്യത്തില്‍ സംഭവം വിവാദമായിട്ടുണ്ട്‌.