Fri. Nov 22nd, 2024
Uddhav-Fadnavis tusle on Arnab arrest

ഡല്‍ഹി:

റിപ്പബ്ലിക്ക്‌ ടിവി എഡിറ്റര്‍ ഇന്‍ ചീഫ്‌ അര്‍ണാബ്‌ ഗോസ്വാമിയുടെ അറസ്‌റ്റ്‌ വിരല്‍ ചൂണ്ടുന്നത്‌ ഇടവേളയ്‌ക്കു ശേഷം ദേശീയ രാഷ്ട്രീയത്തില്‍ തീവ്ര വലതുരാഷ്ട്രീയപ്പാര്‍ട്ടികളിലെ പടലപ്പിണക്കം ശക്തമാകുന്നതിന്റെ സൂചനകളിലേക്ക്‌. ബിജെപിയുടെ നാവായി പ്രവര്‍ത്തിച്ച അര്‍ണാബിന്റെ അറസ്റ്റ്‌ ശിവസേനയുടെ പ്രതികാരനടപടിയാണെന്ന്‌ ആരോപണമുയര്‍ന്നത്‌ ഈ പശ്ചാത്തലത്തിലാണ്‌.

അറസ്റ്റിനെ അപലപിച്ച്‌ ബിജെപിയിലെ പ്രമുഖര്‍ വൈകാതെ തന്നെ രംഗത്തെത്തി. അറസ്റ്റ്‌ അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മിപ്പിക്കുന്നുവെന്ന്‌ കേന്ദ്രമന്ത്രി പ്രകാശ്‌ ജാവദേക്കര്‍ പ്രതികരിച്ചു.

മാധ്യമസ്വാതന്ത്ര്യത്തിനെതിരേയുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ കടന്നുകയറ്റമാണിത്‌. മാധ്യമങ്ങളോട്‌ ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രിയും മുന്‍ ബിജെപി അധ്യക്ഷനുമായ അമിത്‌ ഷായും അര്‍ണാബിന്റെ അറസ്റ്റിനെ വിമര്‍ശിച്ചു. കോണ്‍ഗ്രസും സഖ്യകക്ഷികളും കൂടിച്ചേര്‍ന്ന്‌ ജനാധിപത്യത്തെ നാണം കെടുത്തുകയാണെന്ന്‌ ഷാ ട്വീറ്റ്‌ ചെയ്‌തു. സംസ്ഥാനഭരണകൂടം അധികാര ദുര്‍വ്വിനിയോഗം നടത്തി.

ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിന്റെ നെടുന്തൂണായ മാധ്യമങ്ങള്‍ക്കു നേരെയുള്ള കടന്നാക്രമണമാണിത്‌. ഇത്‌ അടിയന്തരാവസ്ഥയ്‌ക്ക്‌ സമാനമായ സാഹചര്യത്തെയാണ്‌ കാണിക്കുന്നത്‌. സ്വതന്ത്ര മാധ്യമങ്ങള്‍ക്ക്‌ നേരെയുള്ള ഈ ആക്രമണം എതിര്‍ക്കപ്പെടണമെന്നും ഷാ ആവശ്യപ്പെട്ടു.

അര്‍ണാബിന്റെ അറസ്റ്റിനെതിരേ ബോളിവുഡ്‌ താരം കങ്കണ റണൗത്തും രംഗത്ത്‌ വന്നിട്ടുണ്ട്‌. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റമാണ്‌ അറസ്‌റ്റെന്ന്‌ കങ്കണ പ്രതികരിച്ചു.

എത്രപേരുടെ വാ മൂടിക്കെട്ടും സോണിയ സേന!എന്ന്‌ ശിവസേന നേതൃത്വത്തിലുള്ള സര്‍ക്കാരിനോട്‌ അവര്‍ ചോദിച്ചു. കുറച്ചു നാളായി ബിജെപി പക്ഷത്തേക്കു ചാഞ്ഞു നില്‍ക്കുന്ന കങ്കണ, അനധികൃത ഫ്‌ളാറ്റ്‌ നിര്‍മാണവുമായി ബന്ധപ്പെട്ട്‌ മഹാരാഷ്ട്രസര്‍ക്കാരിനെതിരേ നിലകൊണ്ടിരിക്കുകയായിരുന്നു.

എന്നാല്‍ ആര്‍ക്കെതിരേയും പ്രതികാരനടപടി സ്വീകരിക്കില്ലെന്ന്‌ സേനാ നേതാവ്‌ സഞ്‌ജയ്‌ റാവത്ത്‌ പറഞ്ഞു. സത്യത്തില്‍ അധികാരത്തെച്ചൊല്ലി ബിജെപിയുടെ ശിവസേനയും തമ്മിലുള്ള മുന്‍ വൈരാഗ്യമാണ്‌ ഇതിലേക്കു വഴി തെളിച്ചതെന്ന്‌ കരുതുന്നു.

2019 നവംബറില്‍ ബിജെപിയുമായി മുഖ്യമന്ത്രിസ്ഥാനത്തിന്റെ പേരില്‍ ഇടഞ്ഞാണ്‌ ശിവസേന, എന്‍സിപിയടക്കമുള്ള കക്ഷികളുമായി ചേര്‍ന്ന്‌ മന്ത്രിസഭ രൂപീകരിച്ചത്‌. കഴിഞ്ഞ ടേമില്‍ ബിജെപി നേതൃത്വത്തില്‍ ദേവേന്ദ്ര ഫഡ്‌നാവിസ്‌ മന്ത്രിസഭയില്‍ അംഗമായിരുന്നു ശിവസേ. എന്നാല്‍ ഇത്തവണ ഉദ്ധവ്‌ താക്കറെ മുഖ്യമന്ത്രി സ്ഥാനം പങ്കു വെക്കണമെന്ന്‌ ആവശ്യപ്പെട്ടതാണ്‌ സഖ്യം തകരാന്‍ കാരണം.

രണ്ടു വര്‍ഷം മുമ്പ്‌ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വെ നായിക്ക്‌ എന്ന ഇന്റീരിയര്‍ ഡിസൈനറും അമ്മയും ആത്മഹത്യ ചെയ്‌ത കേസിലാണ്‌ അര്‍ണാബിന്റെ അറസ്റ്റ്‌. ഗോസ്വാമിയുടെ റിപ്പബ്ലിക്ക്‌ ടിവി നല്‍കാനുള്ള പണം നല്‍കാതിരിക്കുന്നതു കൊണ്ടാണ്‌ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ്‌ പരാതി. നായിക്കിന്റെ മകളുടെ പരാതിയിലാണ്‌ കേസിന്റെ തുടരന്വേഷണം.

മുമ്പ്‌ ബോളിവുഡ്‌ താരം സുശാന്ത്‌ സിംഗ്‌ രാജ്‌പുത്തിന്റെ മരണത്തിനു ശേഷം ഒന്നര ലക്ഷം വ്യാജ എക്കൗണ്ടുകളില്‍ നിന്ന്‌ സര്‍ക്കാരിനും പോലിസിനുമെതിരായ ട്വീറ്റുകള്‍ വന്നതായി തെളിഞ്ഞു. സുശാന്തിന്റെ മരണം മറയാക്കി ബോളിവുഡ്‌ താരങ്ങള്‍ക്കെതിരേ പ്രചാരണം നടത്തിയതിന്‌ അര്‍ണാബിനെതിരേ കേസ്‌ കൊടുക്കാന്‍ താരങ്ങളും രംഗത്തെത്തിയരുന്നു.

അര്‍ണാബിനു വേണ്ടി സമൂഹമാധ്യമങ്ങളില്‍ കൊണ്ടുപിടിച്ച പ്രചാരണം നടക്കുന്നുണ്ട്‌, എന്നാലിത്‌ മിക്കതും വ്യാജ എക്കൗണ്ടുകളാണെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌. മഹാരാഷ്ട്ര സര്‍ക്കാരിനും മുംബൈ പോലിസിനുമെതിരേ വ്യാജ എക്കൗണ്ടുകളില്‍ നിന്ന്‌ അപകീര്‍ത്തികരമായ ട്വീറ്റ്‌ പ്രവാഹവും വരുന്നുണ്ട്‌.

കൂടാതെ ഇപ്പോള്‍ അര്‍ണാബിനു വേണ്ടി ഹാഷ്ടാഗ്‌ പ്രചാരണവും തുടങ്ങിയിട്ടുണ്ട്‌. ”റിപ്പബ്ലിക്ക്‌ ഫൈറ്റ്‌സ്‌ ബാക്ക്”‌, ”റിപ്പബ്ലിക്ക്‌ വിച്ച്‌ ഹണ്ട്”‌, ”ഐ ആം റിപ്പബ്ലിക്ക്‌” തുടങ്ങിയ ഹാഷ്ടാഗുകളിലാണ്‌ പ്രചാരണം.

നേരത്തേ ടിആര്‍പി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ റിപ്പബ്ലിക്ക്‌ ടിവിക്കെതിരേ പോലിസ്‌ കേസെടുത്തിരുന്നു. പണം നല്‍കി ടിആര്‍പി റേറ്റിംഗ്‌ വഴിതെറ്റിക്കാന്‍ ശ്രമം നടത്തിയെന്നായിരുന്നു കേസ്‌. ഇത്തരം കേസുകളില്‍ റിപ്പബ്ലിക്കിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കുന്നുവെന്ന്‌ പ്രചരിപ്പിച്ച്‌ അനുകമ്പ നേടാനും അര്‍ണാബ്‌ ശ്രമിച്ചിരുന്നു.