Wed. Jan 22nd, 2025

സ്റ്റൈലും പ്രകടനമികവും കൊണ്ട്‌ ജെയിംസ്‌ ബോണ്ടിനെ അനശ്വരനാക്കിയ ഹോളിവുഡ്‌ താരം ഷോണ്‍ കോണറി (90) അന്തരിച്ചു. 1962ല്‍ പുറത്തിറങ്ങിയ ആദ്യ ജെയിംസ്‌ ബോണ്ട്‌ ചിത്രം ഡോക്‌റ്റര്‍ നോയിലൂടെ അതിസാഹസികനും പ്ലേബോയിയുമായ ബ്രിട്ടിഷ്‌ സീക്രട്ട്‌ ഏജന്റ്‌ 007ന്റെ വെള്ളിത്തിരയിലെ ക്ലാസിക്‌ രൂപമായി ഉയിരെടുത്ത താരമായിരുന്നു കോണറി.

1960 കളില്‍ സൂപ്പര്‍ താരമായിത്തീര്‍ന്ന അദ്ദേഹം 2000 വരെ ഹോളിവുഡില്‍ സജീവമായിരുന്നു. 1987ല്‍ ഇറങ്ങിയ ദ്‌ അണ്‍ ടച്ചബിള്‍സ്‌ എന്ന ക്ലാസിക്‌ ചിത്രത്തിലൂടെ മികച്ച സഹനടനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടി. 2000ല്‍ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ സര്‍ പദവി നല്‍കി ആദരിച്ചു. ഇന്ത്യന്‍ താരം നസീറുദ്ദീന്‍ ഷായോടൊപ്പം അഭിനയിച്ച്‌, 2003ല്‍ പുറത്തിറങ്ങിയ ‘ലീഗ്‌ ഓഫ്‌ എക്‌സ്‌ട്ര ഓര്‍ഡിനറി ജന്‍റില്‍മെന്‍’ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം.

1963ല്‍ ഡോ. നോയിലൂടെ ബോണ്ടിനെ അവതരിപ്പിക്കാന്‍ തുടങ്ങിയ കോണറി, 1983ല്‍ പുറത്തിറങ്ങിയ നെവര്‍ സേ നെവര്‍ എഗെയ്‌ന്‍ വരെ ഏഴു സിനിമകളില്‍ അതേ കഥാപാത്രമായി നില നിന്നു. 20 വര്‍ഷം ഒരേ കഥാപാത്രത്തെ അവതരിപ്പിച്ച്‌ ജനപ്രീതി നിലനിര്‍ത്തിയ മറ്റൊരു താരം ലോകസിനിമയില്‍ വിരളമായിരിക്കും.

വിവിധ താരങ്ങള്‍ ബോണ്ടിനെ അവതരിപ്പിച്ചു പ്രശസ്‌തരായെങ്കിലും ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ ബോണ്ട്‌ കഥാപാത്രങ്ങളില്‍ പ്രമുഖനും കോണറിയാണ്‌. വിവിധ കാലങ്ങളില്‍ നടത്തിയ സര്‍വേകളില്‍ പ്രേക്ഷകപ്രീതിയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ അദ്ദേഹത്തിന്‌ ലഭിച്ച്‌ സ്ഥാനം ഇത്‌ അരക്കിട്ടുറപ്പിക്കുന്നു.

സ്ഥൈര്യം, കൗശലം, വൈകാരികത തുടങ്ങി വിവിധ മേഖലകളില്‍ നടത്തിയ പ്രകടനമികവാണ്‌ അദ്ദേഹത്തെ ഇതിനു സഹായിച്ചത്‌. ക്ലാസിക്‌ നിലവാരമുള്ള ബോണ്ട്‌ ആയി സിനിമാപ്രേമികള്‍ ഭൂരിഭാഗവും പരിഗണിക്കുന്നത്‌ കോണറിയെത്തന്നെ.

ഡോ. നോ (1962) ഫ്രം റഷ്യ വിത്ത്‌ ലൗ(1963), ഗോള്‍ഡ്‌ ഫിംഗര്‍ (1964), തണ്ടര്‍ബോള്‍ (1965), യൂ ഓണ്‍ലി ലിവ്‌ ട്വൈസ്‌ (1967), ഡയമണ്ട്‌സ്‌ ആര്‍ ഫോര്‍ എവര്‍ (1971), നെവര്‍ സേ നെവര്‍ എഗെയ്‌ന്‍ (1983) എന്നിവയാണ്‌ കോണറിയുടെ ബോണ്ട്‌ ചിത്രങ്ങല്‍.

സ്‌റ്റീവന്‍ സ്‌പില്‍ ബെര്‍ഗിന്റെ സാഹസിക ചലച്ചിത്ര പരമ്പരയായ ഹാരിസണ്‍ ഫോര്‍ഡ്‌ നായകനായ ഇന്ത്യാന ജോണ്‍സ്‌ സിനിമകളില്‍ പ്രധാനപ്പെട്ട ‘ഇന്ത്യാന ജോണ്‍സ്‌ ആന്‍ഡ്‌ ദ്‌ ലാസ്റ്റ്‌ ക്രുസേഡി’ല്‍ നായകന്റെ പിതാവിന്റെ കഥാപാത്രമായി അവതരിപ്പിക്കാന്‍ സംവിധായകന്‌ മറ്റൊരാളെ ചിന്തിക്കാന്‍ പറ്റിയിട്ടുണ്ടാകില്ല.

1930 ഓഗസ്‌റ്റ്‌ 25ന്‌ സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയിലാണ്‌ തോമസ്‌ ഷോണ്‍ കോണറിയുടെ ജനനം. 1951ല്‍ അഭിനയരംഗത്തെത്തി. അക്കാഡമി അവാര്‍ഡിനൊപ്പം ബാഫ്‌ത്ത, ഗോള്‍ഡന്‍ ഗ്ലോബ്‌ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്‌.

1953ല്‍ ബ്രിട്ടിഷ്‌ സാഹിത്യകാരന്‍ ഇയാന്‍ ഫ്‌ലെമിംഗ്‌ സൃഷ്ടിച്ച സീക്രട്ട്‌ ഏജന്റ്‌ ആണ്‌ 007 എന്ന കോഡ്‌ നെയിമുള്ള ജെയിംസ്‌ ബോണ്ട്‌. ലോകമെമ്പാടും സഞ്ചരിച്ച്‌ ലോകത്തിന്റെ ശത്രുക്കളെ പിടികൂടി നശിപ്പിക്കുന്ന കഥാപാത്രം. ധീരോദാത്ത നായകനെങ്കിലും സാമ്രാജ്യത്വത്തിന്റെയും യുദ്ധ വെറിയുടെയും അടയാളമായിക്കൂടി അവതരിപ്പിക്കപ്പെടാറുള്ള കഥാപാത്രമാണ്‌ ബോണ്ട്‌.

1990കളോടെ വെറ്ററന്‍ പ്രതിച്ഛായയുള്ള കഥാപാത്രമായാണ്‌ കോണറി സിനിമയില്‍ രണ്ടാം വരവ്‌ നടത്തിയത്‌. അവാര്‍ഡുകളും അംഗീകാരങ്ങളും വാരിക്കൂട്ടിയെങ്കിലും എന്നാല്‍ ആക്ഷന്‍ ചിത്രങ്ങളെ പൂര്‍ണമായും കൈവിട്ടില്ല. ദ്‌ റോക്ക്‌, എന്‍ട്രാപ്‌മെന്റ്‌‌, ഡ്രാഗണ്‍ ഹാര്‍ട്ട്‌, റോബിന്‍ഹുഡ്‌: ദ്‌ പ്രിന്‍സ്‌ ഓഫ്‌ തീവ്‌സ്‌ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം സാന്നിധ്യമറിയിച്ചു. നിരവധി അനിമേഷന്‍ ചിത്രങ്ങളില്‍ ഡബ്ബിംഗ്‌ താരമായി സഹകരിക്കാന്‍ തയാറായി.