Wed. Jan 22nd, 2025

പാരിസ്‌:

ഫ്രാന്‍സില്‍ അടുത്തടുത്തുണ്ടായ ഭീകരാക്രമണങ്ങളുടെ പേരില്‍ ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ക്കിടയില്‍ ചേരിതിരിവ്‌. മതഭീകരതയ്‌ക്കെതിരായ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവെല്‍ മാക്രോണിന്റെ നിലപാടിനെ എതിര്‍ത്തു ജനാധിപത്യ ഇസ്‌ലാമിക രാജ്യങ്ങളായ തുര്‍ക്കിയും പാക്കിസ്ഥാനും നില കൊണ്ടപ്പോള്‍ യാഥാസ്ഥിതിക അറബ്‌ രാജ്യമായ സൗദി അറേബ്യ ഇവരെ എതിര്‍ത്ത് രംഗത്തു വന്നതാണ്‌ ഇസ്‌ലാമിക ഭൗമരാഷ്ട്രീയത്തില്‍ ധ്രുവീകരണത്തിനിടയാക്കിയത്‌.

പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചെന്ന്‌ ആരോപിച്ച്‌ അധ്യാപകനായ സാമുവല്‍ പാറ്റിയെ അടക്കം നാലു പേരെയാണ്‌ ഒരു മാസത്തിനിടെ ഫ്രാന്‍സില്‍ തീവ്രവാദികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്‌. ഇതോടെ ഇസ്‌ലാമിക ഭീകരതയ്‌ക്കെതിരേ മാക്രോണ്‍ കടുത്ത നിലപാടുകള്‍ എടുത്തു. നിരവധി തീവ്രവാദ സംഘടനകളെയും വ്യക്തികളെയും രാജ്യത്തു നിന്ന്‌ പുറത്താക്കാനുള്ള നടപടിയുമെടുത്തു.

എന്നാല്‍ ഇതിനെതിരേ തുര്‍ക്കി പ്രസിഡന്റ്‌ റിസിപ്‌ തയ്യിപ്പ്‌ എര്‍ദോഗന്‍ പരിഹാസം ചൊരിഞ്ഞിരുന്നു. ഫ്രഞ്ച്‌ പ്രസിഡന്റിന്റെ സ്വബോധം നഷ്ടപ്പെട്ടിരിക്കുകയാണെന്നും തനിക്കെതിരേ ആരോപണമുന്നയിക്കുന്ന അദ്ദേഹത്തിന്റെ തല പരിശോധിക്കണമെന്നും എര്‍ദോഗന്‍ ആവശ്യപ്പെട്ടു. ഫ്രഞ്ച്‌ ഉത്‌പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും അദ്ദേഹം സ്വന്തം പൗരന്മാരോട്‌ ആഹ്വാനം ചെയ്‌തു.

ഇതിനെ പിന്തുണച്ച്‌ പാക്ക്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും രംഗത്തെത്തി. തീവ്രവാദത്തിന്റെ പേരില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്തുന്നത്‌ സ്വന്തം പൗരന്മാരുള്‍പ്പെടെയുള്ള മുസ്‌ലിം സമുദായത്തെ പ്രകോപിപ്പിക്കാനാണെന്ന്‌ ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. ഇതേത്തുടര്‍ന്ന്‌ പാക്ക്‌ ജനതയും ഫ്രഞ്ച്‌ ഉത്‌പന്ന ബഹഷ്‌കരണത്തിലേക്കു തിരിഞ്ഞു.

സമൂഹമാധ്യമങ്ങളിലൂടെ ബഹിഷ്‌കരണആഹ്വാനം, ഫ്രഞ്ച്‌ പൗരന്മാര്‍ക്കെതിരേ ഭീഷണി, മാക്രോണിന്‌ ഭ്രാന്തായിപ്പോയി എന്ന ഹാഷ്ടാഗ്‌ ആക്രമണം, മാക്രോണിനെതിരേ വ്യക്തിപര അധിക്ഷേപം തുടങ്ങി ആഗോള തലത്തിലുള്ള പ്രചാരണമായിരുന്നു പിന്നീട്‌ നടന്നത്‌.

എന്നാല്‍ ഈ ഘട്ടത്തില്‍ ഫ്രാന്‍സിനെ പിന്തുണച്ച്‌ സൗദി എത്തിയത്‌ ഈ നീക്കത്തിന്‌ വിലങ്ങായി. വിഷയത്തില്‍ സന്തുലിതമായ ഒരു നിലപാടാണ്‌ സൗദി അറേബ്യ എടുത്തത്‌. ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ നേതൃപദവിയിലേക്ക്‌ ഉയരാന്‍ കുളം കലക്കി മീന്‍ പിടിക്കുന്ന എര്‍ദോഗനെതിരേ ഏറെ നാളായി സൗദി ശീതസമരത്തിലാണ്‌. ഈയൊരു സാഹചര്യത്തിലാണ്‌ സൗദി തുര്‍ക്കിക്കെതിരേ നിലപാട്‌ കടുപ്പിക്കുന്നത്‌.

സൗദിയിലെ കടകളും സൂപ്പര്‍മാര്‍ക്കറ്റുകളും തുര്‍ക്കി ഉത്‌പന്നങ്ങള്‍ ബഹിഷ്‌കരിച്ച്‌ തങ്ങളുടെ ഭരണാധികാരിക്കു പൂര്‍ണപിന്തുണ നല്‍കി. തുര്‍ക്കിഷ്‌ ഉത്‌പന്നങ്ങള്‍ക്കു പകരം ഗ്രീക്ക്‌ ഉത്‌പന്നങ്ങളെ അവര്‍ സ്വാഗതം ചെയ്‌തു. തുര്‍ക്കിയില്‍ സൗദി പൗരന്മാര്‍ നിക്ഷേപം നടത്തില്ലെന്നും ഇറക്കുമതി ചെയ്യില്ലെന്നും വിനോദസഞ്ചാരത്തിനായി പോകില്ലെന്നും പ്രഖ്യാപിച്ചു.

ഇത്‌ തുര്‍ക്കിയുടെയും പാക്കിസ്ഥാന്റെയും ഫ്രഞ്ച്‌ വിരുദ്ധ നീക്കങ്ങള്‍ക്ക്‌ തിരിച്ചടിയേല്‍പ്പിച്ചതായാണ്‌ റിപ്പോര്‍ട്ട്‌.