Fri. Nov 22nd, 2024
ഡല്‍ഹി:

പുല്‍വാമ ഭീകരാക്രമണം സംബന്ധിച്ച പാക്കിസ്ഥാന്‍ മന്ത്രി ഫവാദ്‌ ചൗധരിയുടെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനെതിരേ ആയുധമാക്കി ബിജെപി. ഭീകരാക്രമണം തന്നെയെന്ന്‌ പാക്കിസ്ഥാന്‍ തന്നെ സമ്മതിച്ച സ്ഥിതിക്ക്‌ കോണ്‍ഗ്രസ്‌ രാജ്യത്തോട്‌ മാപ്പ്‌ പറയണമെന്ന്‌ കേന്ദ്രമന്ത്രി പ്രകാശ ജാവദേക്കര്‍. തങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ കയറി ആക്രമിച്ചുവെന്ന ചൗധരിയുടെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിന്റെ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ക്കുള്ള മറുപടിയാണ്‌. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസും മറ്റുള്ളവരും രാജ്യത്തോട്‌ മാപ്പു പറയണമെന്നും ജാവദേക്കര്‍ ആവശ്യപ്പെട്ടു.

കശ്‌മീരിലെ പുല്‍വാമയിലെ സൈനിക കേന്ദ്രത്തില്‍ 2019 ഫെബ്രുവരി 14നു പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടന ജയ്‌ഷെ മുഹമ്മദ്‌ ആക്രമണം നടത്തിയത്‌. സംഭവത്തില്‍ 49 സിആര്‍പിഎഫ്‌ ജവാന്മാര്‍ കൊല്ലപ്പെട്ടു.

തിരിച്ചടിയായി പാക്‌ അധിനിവേശ കശ്‌മീരിലെ ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌ രാഷ്ട്രീയനേട്ടമായി ബിജെപിയും ഉയര്‍ത്തിക്കാട്ടി. തുടര്‍ന്ന്‌ പാക്‌ ജെറ്റുകള്‍ ഇന്ത്യന്‍ വ്യോമസേനയെ പ്രതിരോധിക്കാന്‍ നടത്തിയ ശ്രമങ്ങളില്‍ വൈമാനികനായ അഭിനന്ദന്‍ വര്‍ത്തമാന്‍ പാക്‌പിടിയിലാകുകയും യുദ്ധനിയമപ്രകാരം വിട്ടയക്കപ്പെടുകയും ചെയ്‌തിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പായി നടന്ന ആക്രമണം കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുപ്പു നേട്ടത്തിനു വേണ്ടി നടത്തിയതാകാമെന്ന്‌ കോണ്‍ഗ്രസ്‌ അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിരുന്നു. ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ ഗാന്ധി ഇക്കാര്യം വീണ്ടും ഉയര്‍ത്തി.

ഇക്കാര്യത്തില്‍ രാഹുലിനെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്നു. രാഹുലിന്റെ വിശ്വസ്‌ത രാഷ്ട്രം പാക്കിസ്ഥാനാമെന്ന്‌ ബിജെപി നേതാവ്‌ ജെ പി നദ്ദ അടക്കമുള്ളവര്‍ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ്‌ നേതാക്കളായ ശശി തരൂരും ദിഗ്‌ വിജയ്‌ സിംഗുമടക്കമുള്ളവരും എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു.

ആക്രമണങ്ങളില്‍ നേട്ടം കേന്ദ്രസര്‍ക്കാരിനാണെന്നും സുരക്ഷാവീഴ്‌ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പാക്‌ പാര്‍ലമെന്‍റിലാണ്‌ ഇമ്രാന്‍ഖാന്‍ മന്ത്രിസഭയിലെ അംഗം ഫവാദ്‌ ചൗധരി വെളിപ്പെടുത്തല്‍ നടത്തിയത്‌.

ഇത്‌ തങ്ങളുടെ വിജയമാണെന്നും പാക്‌മന്ത്രി അവകാശപ്പെട്ടു. എന്നാല്‍ പിന്നീട്‌ ചൗധരി വാദം അദ്ദേഹം വിഴുങ്ങി. പാക്കിസ്ഥാന്‍ ഭീകരതയെ അനുകൂലിക്കുന്നില്ലെന്നും തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നുമാണ്‌ പാക്‌ മന്ത്രി പറഞ്ഞത്‌.