Fri. Nov 22nd, 2024

ഡല്‍ഹി:

അഭിമാനപദ്ധതിയായി പ്രചരിപ്പിച്ച ആരോഗ്യസേതു ആപ്പ്‌ നിര്‍മ്മിച്ചതാരെന്ന്‌ അറിയില്ലെന്ന്‌ കേന്ദ്രം. അജ്ഞത നടിക്കുന്ന സര്‍ക്കാരിന്റെ മറുപടിക്കെതിരേ വിവരാവകാശകമ്മിഷന്റെ രൂക്ഷവിമര്‍ശനം. ആപ്പിനെക്കുറിച്ചുള്ള വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനോടാണ്‌ കേന്ദ്രസര്‍ക്കാരിന്റെ നിഷേധാത്മക പ്രതികരണം. ഇതേത്തുടര്‍ന്ന്‌ വിശദീകരണമാവശ്യപ്പെട്ട്‌ പുറപ്പെടുവിച്ച കാരണം കാണിക്കല്‍ നോട്ടിസിലാണ്‌ കമ്മിഷന്റെ വിമര്‍ശനം. ആരാണ്‌ ആരോഗ്യസേതു ആപ്പ്‌ നിര്‍മിച്ചതെന്ന്‌ വ്യക്തമാക്കാന്‍ കമ്മിഷന്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.

ആപ്പ്‌ നിര്‍മിച്ചത്‌ ആരാണ്‌ എന്ന കാര്യത്തില്‍ തങ്ങള്‍ക്ക്‌ യാതൊരു അറിവുമില്ലെന്നാണ്‌ കേന്ദ്രം നിലപാട്‌ അറിയിച്ചത്‌. എന്നാല്‍, ഇത്‌ അസംബന്ധമാണെന്നും രൂപകല്‍പ്പന ചെയ്‌തതും വികസിപ്പിച്ചതും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌ സെന്റര്‍ ആണെന്ന്‌ ആപ്പിന്റെ വെബ്‌സൈറ്റില്‍ത്തന്നെ പറയുന്ന സ്ഥിതിക്ക്‌ ഇത്തരത്തിലുള്ള ഉത്തരം എങ്ങനെ വിലപ്പോകുമെന്നും കമ്മിഷന്‍ ചോദിച്ചു.

കൊവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമാക്കിയ ആപ്പാണിത്‌. എന്നാല്‍ ആപ്പിന്റെ നിര്‍മാണം സംബന്ധിച്ച്‌ ഒരു രേഖയും ലഭ്യമല്ലെന്ന്‌ ഐടി മന്ത്രാലയം പറയുന്നു. ആപ്പ്‌ നിര്‍മിച്ചതുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും കൈവശമില്ലെന്ന്‌ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌ സെന്ററും വിശദീകരിക്കുന്നു. ഐടി മന്ത്രാലയം, ഇ – ഗവേണന്‍സ്‌ ഡിവിഷനു ചോദ്യം കൈമാറിയെങ്കിലും ഈ വിവരം തങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നായിരുന്നു മറുപടി.

ഇത്‌ ഒഴിഞ്ഞു മാറുന്ന നടപടിയാണെന്നു ചൂണ്ടിക്കാട്ടിയ കമ്മിഷന്‍, ഇരു കക്ഷികള്‍ക്കും നോട്ടിസയച്ചു. വിവരങ്ങള്‍ നിഷേധിക്കുന്നത്‌ അംഗീകരിക്കാന്‍ സാധ്യമല്ല. സര്‍ക്കാര്‍ നിരുത്തരവാദപരമായാണു പെരുമാറുന്നത്‌. വെബ്‌സൈറ്റിനെക്കുറിച്ച്‌ അറിയില്ലെങ്കില്‍ എങ്ങനെ സര്‍ക്കാരിന്റെ ഡൊമൈനില്‍ വെബ്‌സൈറ്റ്‌ നിര്‍മിച്ചതെന്നും കമ്മിഷന്‍ ചോദിച്ചു.

സാമൂഹ്യപ്രവര്‍ത്തകനായ സൗരവ്‌ ദാസിന്റെ ചോദ്യങ്ങള്‍ക്കാണ്‌ സര്‍ക്കാര്‍ വ്യക്തമായി മറുപടി നല്‍കാതിരുന്നത്‌. വിവിധവകുപ്പുകള്‍ ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കാതെ തട്ടിക്കളിക്കുന്നുവെന്ന്‌ ആരോപിച്ച്‌ അദ്ദേഹം നല്‍കിയ പരാതിയാണ്‌ വിവരാവകാശകമ്മിഷന്‍ പരിഗണിച്ചത്‌.