Sat. Apr 20th, 2024

കൊച്ചി:

സുരാജ് എന്ന നടന് ഏത് റോളും അനായാസം വഴങ്ങുമെന്ന് കുറക്കാലമായി തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഹാസ്യതാരമായി വെള്ളിത്തിരയിലെത്തിയ സുരാജ് വെഞ്ഞാറമ്മൂട് കുട്ടപ്പന്‍പിള്ളയുടെ ശിവരാത്രി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി, തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ തന്‍റെ അഭിനയത്തിന്‍റെ വെെവിധ്യം വരച്ചുകാട്ടിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകെെയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ദേശീയ അവാര്‍ഡും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ഉള്‍പ്പെടെ ഒരുപാട് അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സുരാജ് വെഞ്ഞാറമ്മൂട് വലതുകൈക്കുള്ള വൈകല്യവുമായാണ് മലയാളസിനിമയില്‍ വിവിധ വേഷങ്ങളിലൂടെ ആടിത്തിമിര്‍ക്കുന്നത്.  പത്താംക്ലാസ് പഠിക്കുന്ന സമയത്താണ്  സൈക്കിളിൽ നിന്ന് വീണ് കൈയൊടിയുന്നത്. അന്ന് മൂന്ന് സർജറി വേണ്ടിവന്നു. അതോടെ കൈ നിവർത്താനും മടക്കാനും പറ്റാത്ത പരുവത്തിലായി. പക്ഷേ ഇതൊന്നും പ്രേക്ഷകര്‍ക്ക് ഒട്ടും ഫീല്‍ ചെയ്യാത്ത രീതിയിലാണ് സുരാജ് അഭിനയിക്കുന്നത്.

ഇങ്ങനെയൊരു പ്രശ്നമുള്ളത് പെട്ടെന്ന് പ്രേക്ഷകർക്ക് മനസ്സിലാവാത്തരീതിയിൽ വേണമല്ലോ അഭിനയിക്കാൻ. സുരാജിനല്ലേ കൈക്ക് പ്രശ്നമുള്ളൂ. ഞാനവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കില്ലല്ലോയെന്നാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സുരാജ് ചോദിക്കുന്നത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലും, കുട്ടന്‍പിള്ളയുടെ ശിവരാത്രിയിലും സുരാജ് ചോറു കഴിക്കുന്ന സീനില്‍ അദ്ദേഹത്തിന്‍റെ കെെയ്യുടെ ഈ പ്രശ്നം സൂക്ഷിച്ച് നോക്കിയാല്‍  പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കും. പക്ഷേ എല്ലാ കുറവുകളെയും നേട്ടങ്ങളാക്കി മാറ്റുന്നത് എങ്ങനെയാണെന്നാണ് ഓരോ കഥാപാത്രങ്ങളിലൂടെയും സുരാജ് വെഞ്ഞാറമ്മൂട് തെളിയിച്ച് തരുന്നത്.

 

By Binsha Das

Digital Journalist at Woke Malayalam