ഭോപ്പാല്‍:
മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോഴും കോണ്‍ഗ്രസില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. ദമോഹ് എംഎല്‍എ രാഹുല്‍ ലോധി രാജി വെച്ചതോടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന നിയമസഭാംഗങ്ങളുടെ എണ്ണം 26 ആയി.
വെള്ളിയാഴ്‌ച രാത്രിയോടെയാണ് രാജി വെച്ചത്. വിവരം പ്രോടേംസ്‌പീക്കര്‍ രാമേശ്വര്‍ ശര്‍മ്മ സ്ഥിരീകരിച്ചു. നവംബര്‍ മൂന്നിനാണ് സംസ്ഥാനത്തെ 28 സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 25 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെക്കുകയും മൂന്ന് എംഎല്‍എമാര്‍ മരിക്കുകയും ചെയ്‌തതിനാലാണ് ഉപതെരഞ്ഞെടുപ്പു വേണ്ടി വന്നത്.
ഞായറാഴ്‌ച മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍ ലോധിയെ ബിജെപിയിലേക്ക് സ്വീകരിച്ചു. എംഎല്‍എമാരുടെ കൂട്ടരാജിയെത്തുടര്‍ന്ന് കമല്‍നാഥ് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണിരുന്നു. ജോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയതിനു പിന്നാലെയാണ് കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞു പോക്കുണ്ടായത്.
230 അംഗ നിയമസഭയില്‍ 107 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. കേവലഭൂരിപക്ഷം നേടാന്‍ 16 പേരുടെ പിന്തുണ വേണം. ഇപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 87 ആണ്.