Fri. Nov 22nd, 2024
ഡല്‍ഹി: 

ഹൃദയാഘാതത്തെ തുടർന്ന് ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റർ കപിൽ ദേവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ഫോർടിസ് എസ്കോർട്സ് ആശുപത്രിയിലാണ് കപിൽ ഉള്ളത്. അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റി സർജറിക്ക് വിധേയനാക്കി. നിലവിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അറിയിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം ആശുപത്രി വിടുമെന്നും വാർത്താ കുറിപ്പിലൂടെ അധികൃതർ പറയുന്നു.

“ഇപ്പോൾ അദ്ദേഹത്തിനു പ്രശ്നമില്ല. ഞാൻ ഭാര്യ റോമിയുമായി സംസാരിച്ചിരുന്നു. ഇന്നലെ അദ്ദേഹം അല്പം അസ്വസ്ഥനായിരുന്നു. ഇപ്പോൾ അദ്ദേഹം ആശുപത്രിയിലാണ്.”- മുൻ ഇന്ത്യൻ താരവും ഇന്ത്യൻ ക്രിക്കറ്റേഴ്സ് അസോസിയേഷൻ പ്രസിഡൻ്റുമായ അശോക് മൽഹോത്ര പിടിഐയോട് പറഞ്ഞു.

61കാരനായ കപിൽ ദേവ് ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടറാണ്. 1983ൽ ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടുമ്പോൾ കപിൽ ആയിരുന്നു ഇന്ത്യയുടെ നായകൻ. ഇന്ത്യക്കായി 131 ടെസ്റ്റുകളിൽ 225 ഏകദിനങ്ങളിലും കപിൽ പാഡണിഞ്ഞിട്ടുണ്ട്. 400ലധികം വിക്കറ്റുകളും 5000ലധികം റൺസുകളും നേടിയ ഒരേയൊരു ക്രിക്കറ്ററാണ് കപിൽ. 434 വിക്കറ്റുകളും 5248 റൺസുമാണ് അദ്ദേഹത്തിനുള്ളത്.