Tue. Nov 26th, 2024

കൊച്ചി:

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. ജഡ്‌ജിയെ മാറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നതിന്‌ സാവകാശം വേണമെന്നും അതുവരെ വിചാരണ നിര്‍ത്തി വെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്‌.

പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി. വിചാരണനടപടികള്‍ക്കായി അടുത്ത മാസം മൂന്നിലേക്ക്‌ കേസ്‌ മാറ്റി. പ്രത്യേക സിബിഐ കോടതിയുടേതാണ്‌ നടപടി.

കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ പ്രോസിക്യൂഷന്‍ വിചാരണക്കോടതിക്കെതിരേ 15നു രംഗത്തു വന്നത്‌. കേസ്‌ ഇതേ കോടതിയില്‍ തുടര്‍ന്നാല്‍ നടിക്ക്‌ നീതി കിട്ടില്ലെന്നും രേഖാമൂലം അറിയിച്ചു. എന്നാല്‍, സ്‌ത്രീപീഡനക്കേസുകള്‍ വേഗത്തിലാക്കാന്‍ സുപ്രീംകോടതി മാര്‍ഗ്ഗനിര്‍ദേശം നിലവിലുണ്ടെന്ന്‌ വിചാരണക്കോടതി അറിയിച്ചു‌.

കേസിന്റെ വിചാരണ നടപടികള്‍ക്കായി കഴിഞ്ഞ ദിവസം നടി കാവ്യാമാധനും നടനും സംവിധായകനുമായ നാദിര്‍ഷായുമടക്കം ഹാജരായിട്ടും പബ്ലിക്ക്‌ പ്രോസിക്യൂട്ടര്‍ എത്തിയിരുന്നില്ല. അതേസമയം, പ്രോസിക്യൂഷന്‍ ഇത്തരമൊരു ആവശ്യമുന്നയിച്ചതിനെതിരേ സിനിമയിലെ വനിതാക്കൂട്ടായ്‌മ ഡബ്ല്യു സി സി രംഗത്തെത്തി.

കോടതിയെ മാറ്റണെന്ന്‌ പ്രോസിക്യൂഷന്‍ തന്നെ ആവശ്യപ്പെട്ടത്‌ ആശ്ചര്യപ്പെടുത്തി. അത്യന്തം സമ്മര്‍ദ്ദം നിറഞ്ഞ അന്തരീക്ഷത്തിലാണ്‌ നടി വിചാരണ ചെയ്യപ്പെട്ടത്‌. പ്രോസിക്യൂഷന്‍ നിലപാട്‌ കേസ്‌ അനിശ്ചിതത്വത്തിലാക്കാന്‍ കാരണമാകുമെന്ന്‌ ആശങ്കയുണ്ട്‌.

മൂന്നു വര്‍ഷമായി തുടരുന്ന നീതിക്കു വേണ്ടിയുള്ള കാത്തിരിപ്പില്‍ ഇനിയും അനിശ്ചിതത്വം വിതയ്‌ക്കുന്നത്‌ ദുരന്തമാണ്‌. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും പൊതുസമൂഹവും അടിയന്തര ഇടപെടല്‍ നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.