Fri. Nov 22nd, 2024

കണ്ണൂര്‍

തെരഞ്ഞെടുപ്പുധാരണയിലെത്തിയെന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ അവകാശവാദം തള്ളി യുഡിഎഫ്‌ കണ്‍വീനര്‍ എം എം ഹസ്സന്‍. ഇതു സംബന്ധിച്ച്‌ അവരുമായി ചര്‍ച്ച നടത്തിയിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്തു കോണ്‍ഗ്രസ്‌ നേതൃത്വവുമായി സംസാരിച്ച കാര്യമായിരിക്കാം പറഞ്ഞത്‌.

മുന്നണിക്കു പുറത്തുള്ള പാര്‍ട്ടികളുമായി സഖ്യത്തിനോ കൂട്ടുകെട്ടിനോ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ സിപിഎമ്മും ബിജെപിയുമൊഴികെ ഒരു പാര്‍ട്ടിയോടും നിഷേധാത്മക സമീപനവുമില്ല. ഇപ്പോള്‍ തങ്ങളുടെ മേല്‍ വര്‍ഗ്ഗീയത ആരോപിക്കുന്നവര്‍ പിഡിപിയുമായി സഖ്യമുണ്ടാക്കിയവരാണെന്നു മറക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളുമായുള്ള ഹസ്സന്റെ കൂടിക്കാഴ്‌ചയെ ന്യായികരിച്ച്‌ കെപിസിസി പ്രസിഡന്റെ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തി. ഹസ്സന്റെ സന്ദര്‍ശനം പാര്‍ട്ടിയോടെ അറിവോടെയാണ്‌. എന്നാല്‍ അതിനു തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല. യുഡിഎഫ്‌ കണ്‍വീനര്‍ എന്ന നിലയില്‍ അവരുടെ പരാതികളും പ്രയാസങ്ങളും അറിയാന്‍ വേണ്ടി പോയതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

തെരഞ്ഞെടുപ്പുസഖ്യം സംബന്ധിച്ച്‌ യുഡിഎഫുമായി നേതൃതല ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും പാര്‍ട്ടിചിഹ്നത്തില്‍ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാനപ്രസിഡന്റ്‌ ഹമീദ്‌ വാണിയമ്പലം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സഖ്യനീക്കത്തിനെതിരേ യുഡിഎഫിലും കോണ്‍ഗ്രസിലും ഭിന്നത ഉയര്‍ന്നിട്ടുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ കോണ്‍ഗ്രസ്‌ നേതാക്കളുടെ പതികരണം.