ഫ്‌ളോറിഡ:
ലോകപ്രശസ്‌ത മാന്ത്രികനും യുക്തിവാദ പ്രസ്ഥാനങ്ങളുടെ പ്രണേതാവുമായിരുന്ന ജെയിംസ് റാന്‍ഡി (92) അന്തരിച്ചു. കണ്‍കെട്ടുവിദ്യയെ താന്ത്രികവിദ്യയും ആത്മീയതയുമായി ബന്ധപ്പെടുത്തി, അന്ധവിശ്വാസങ്ങള്‍ പരത്തുന്നതിനെതിരേ ശക്തമായ നിലപാടെടുത്ത അദ്ദേഹം ‘വിസ്‌മയക്കാരന്‍ റാന്‍ഡി'(അമേസിംഗ് റാന്‍ഡി) എന്നാണ് അറിയപ്പെട്ടിരുന്നത്.
മനുഷ്യാതീതമായ കാര്യങ്ങളെയും കപടശാസ്‌ത്രത്തെയും പ്രോത്സാഹിപ്പിക്കുന്ന ആത്മീയനേതാക്കളെയും ആള്‍ദൈവങ്ങളെയും തുറന്നു കാട്ടാന്‍ മാജിക്കിനെ ഫലപ്രദമായി ഉപയോഗിച്ചതിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. ശാസ്‌ത്രാതീതമായി ഒന്നുമില്ലെന്നു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌ത അദ്ദേഹം മെന്റലിസം പോലുള്ള ആധുനിക ട്രെന്‍ഡുകളെയും വിശദീകരിച്ചിരുന്നു.
തികഞ്ഞ യുക്തിവാദിയായ അദ്ദേഹം കമ്മിറ്റി ഫോര്‍ സ്‌കെപ്‌റ്റിക്കല്‍ ഇന്‍ക്വയറി (സിഎസ്‌ഐ)യുടെ സഹസ്ഥാപകനും ജെയിസ് റാന്‍ഡി എജ്യുക്കേഷണല്‍ ഫൗണ്ടേഷന്റെ (ജെആര്‍ഇഎഫ്) സ്ഥാപകനുമായിരുന്നു. വിശുദ്ധന്മാരെ തെരഞ്ഞെടുക്കുന്നതിന് കത്തോലിക്കാസഭ അത്ഭുതപ്രവൃത്തികള്‍ മാനദണ്ഡമാക്കുമ്പോള്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ പരീക്ഷണനിരീക്ഷണങ്ങളിലൂടെ തുറന്നു കാട്ടുന്നവര്‍ക്ക് പത്തുലക്ഷം ഡോളര്‍ സമ്മാനം വാഗ്‌ദാനം ചെയ്‌താണ് ജെആര്‍ഇഎഫ് മാനവികതയ്‌ക്കും ശാസ്‌ത്രാവബോധത്തിനും മാതൃകയായത്.
വിമര്‍ശനാത്മകചിന്തയെയും വസ്‌തുതകളെയും അടിസ്ഥാനമാക്കിക്കൊണ്ടുള്ള ലോകവീക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കും ഫൗണ്ടേഷന്‍ ധനസഹായം നല്‍കുന്നുണ്ട്. ഈ പോരാട്ടത്തില്‍ പലതവണ വിശ്വാസികളില്‍ നിന്ന് വധഭീഷണിയും മതനിന്ദ ആരോപണവും നിരന്തരമായ അപകീര്‍ത്തിക്കേസുകളും നേരിടേണ്ടി വന്നിട്ടുണ്ട്.
പൊതുജനങ്ങളെ പറ്റിച്ച് പണം കവരുകയും സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തി വഞ്ചിക്കുകയും ചെയ്യുന്ന ആളുകള്‍ക്കെതിരേ ജീവിതം സമര്‍പ്പിച്ചിരിക്കുകയാണെന്ന് 2014ല്‍ ചിത്രീകരിച്ച ‘ആന്‍ ഓണസ്‌റ്റ് ലയര്‍’ എന്ന ഡോക്യുമെന്ററിയില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഒരു ജാലവിദ്യക്കാരനായി കരിയര്‍ ആരംഭിച്ച അദ്ദേഹത്തിന്റെ നിലപാട്, ലോകത്തിലെ ഏറ്റവും സത്യസന്ധര്‍ ജാലവിദ്യക്കാരാണ്, കാരണം അവര്‍ നിങ്ങളെ പറ്റിക്കുകയാണെന്ന് മുന്‍കൂട്ടി പറയുന്നു, എന്നായിരുന്നു.