Sun. Dec 22nd, 2024

കോഴിക്കോട്‌:

യുഡിഎഫ്‌ സഖ്യത്തിലേക്കു മാറുന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ വ്യക്തത വരുത്തി വെല്‍ഫെയര്‍ പാര്‍ട്ടി. മുന്‍പുള്ള തെരഞ്ഞെടുപ്പുകളിലെന്ന പോലെ മതേതരകക്ഷികളുമായി തദ്ദേശതെരഞ്ഞെടുപ്പില്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നതിനാണ്‌ ശ്രമം നടത്തുന്നതെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ ഹമീദ്‌ വാണിയമ്പലം പറഞ്ഞു. എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങളിലും വെല്‍ഫെയര്‍ പാര്‍ട്ടിക്ക്‌ സ്ഥാനാര്‍ത്ഥികളുണ്ടാകും. യുഡിഎഫുമായി ഇതു സംബന്ധിച്ച്‌ നേതൃതല ചര്‍ച്ചകള്‍ പൂര്‍ത്തിയായി.

പാര്‍ട്ടിചിഹ്നത്തില്‍ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥികളായി മത്സരിക്കും. ഇക്കാര്യത്തില്‍ യുഡിഎഫുമായി ചില നീക്കുപോക്കുകള്‍ക്ക്‌ മാത്രമാണിപ്പോള്‍ ധാരണ. യുഡിഎഫുമായി ധാരണയുള്ള ഇടങ്ങളില്‍ മുന്നണിയായും അല്ലാത്ത സ്ഥലങ്ങളില്‍ ഒറ്റയ്‌ക്കുമാണ്‌ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക. പ്രാദേശിക തലത്തില്‍ ചില ധാരണകള്‍ മാത്രമാണുണ്ടാകുക, അതിനെ സംസ്ഥാനതലത്തിലെ രാഷ്ട്രീയസഖ്യമായി കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലുമൊരു മുന്നണിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന നിലയിലേക്ക്‌ പാര്‍ട്ടി തീരുമാനിച്ചിട്ടില്ല.

സിപിഎമ്മിന്റേത്‌ ഇരട്ടത്താപ്പാണെന്നും ഹമീദ്‌ ആരോപിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ തീവ്രവാദം ആരോപിക്കുന്നത്‌ സിപിഎമ്മിന്റെ മൃദുഹിന്ദുത്വനിലപാടു കൊണ്ടാണ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവരുടെ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. അങ്ങനെ കൂടെ ചേര്‍ന്നവരെ തീവ്രവാദികളായി ചിത്രീകരിക്കുകയാണിപ്പോള്‍. അന്ന്‌ അഴിമതിക്കാരെന്നു പറഞ്ഞവരെയാണ്‌ ഇന്ന്‌ കൂടെ കൂട്ടിയിരിക്കുന്നത്‌. ഇക്കാര്യത്തില്‍ സിപിഎം നേതൃത്വം സത്യസന്ധമായ നിലപാടല്ല സ്വീകരിക്കുന്നതെന്നും ഹമീദ്‌ വാണിയമ്പലം പറഞ്ഞു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും എല്‍ഡിഎഫുമായി വെല്‍ഫെയര്‍പാര്‍ട്ടി സഹകരിച്ചു സീറ്റുകള്‍ നേടിയിരുന്നു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലേറാതിരിക്കാന്‍ യുഡിഎഫ്‌ അനുകൂല നിലപാട്‌ സ്വീകരിച്ചതോടെ ഇടതുപക്ഷവുമായി അകലുകയായിരുന്നു.

കേരളാകോണ്‍ഗ്രസ്‌ ജോസ്‌ വിഭാഗം യുഡിഎഫ്‌ വിട്ടു പോയതോടെ സാധ്യമായ പരമാവധി കക്ഷികളെ അടുപ്പിക്കുന്നതിനു യുഡിഎഫ്‌ ലക്ഷ്യമിടുന്നുണ്ട്‌. ഇതിന്റെ ഭാഗമായി മുസ്ലിം ലീഗ്‌ വഴി വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരണത്തിന്‌ യുഡിഎഫ്‌ നേതൃത്വം ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയെ യുഡിഎഫിലെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി യുഡിഎഫ്‌ കണ്‍വീനര്‍ എം എം ഹസന്‍ ജമാഅത്ത്‌ അമീറുമായി നേരിട്ടു ചര്‍ച്ച നടത്തുകയും ചെയ്‌തു. ഈ പശ്ചാത്തലത്തിലാണ്‌ ഹമീദ്‌ വാണിയമ്പലം പ്രതികരിച്ചത്‌.