Mon. Dec 23rd, 2024
കൊച്ചി:

നഗരത്തിലെ കുഴഞ്ഞുമറിഞ്ഞ ഗതാഗതപ്രശ്‌നത്തിന്‌ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളില്‍ വഴിത്തിരിവ്‌. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗതാഗതസംവിധാനം നവീകരിക്കുന്നതിന്‌ തുടക്കമിട്ടു. കൊച്ചി സ്‌മാര്‍ട്ട്‌ മിഷന്റെ ഭാഗമായി നടത്തുന്ന ഇന്റലിജന്റ്‌ ട്രാഫിക്ക്‌ മാനെജ്‌മെന്റ്‌ സിസ്റ്റം മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയൊ കോണ്‍ഫറന്‍സിലൂടെ ഉദ്‌ഘാടനം ചെയ്‌തു.

ട്രാഫിക്ക്‌ സിഗ്നലുകളില്‍ വാഹനത്തിരക്ക്‌ അനുസരിച്ച്‌ സ്വയം പ്രവര്‍ത്തിക്കുന്ന വെഹിക്കിള്‍ ആക്‌റ്റിവേറ്റഡ്‌ സിഗ്നല്‍ സിസ്റ്റം, കാല്‍നടക്കാര്‍ക്ക്‌ റോഡ്‌ മുറിച്ചു കടക്കാന്‍ സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന പെലിക്കന്‍ സിഗ്നല്‍ സിസ്റ്റം, വേഗനിയന്ത്രണ നിരീക്ഷണത്തിനുള്ള സ്‌പീഡ്‌ ലിമിറ്റ്‌ വയലേഷന്‍ ഡിറ്റക്ഷന്‍ സിസ്റ്റം, റെഡ്‌ ലൈഫ്‌ വയലേഷന്‍ ഡിറ്റക്ഷന്‍ സിസ്റ്റം, ഓട്ടൊമാറ്റിക്ക്‌ നമ്പര്‍പ്ലേറ്റ്‌ റെക്കഗ്നിഷന്‍ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങള്‍ അടങ്ങുന്നതാണ്‌ പദ്ധതി.

ക്യാമറ വഴി കണ്ടെത്തുന്ന ഗതാഗതലംഘനങ്ങള്‍ക്ക്‌ പിഴ ചുമത്താന്‍ ആര്‍ടിഒ റജിസ്‌ട്രേഷന്‍ വിവരങ്ങളനുസരിച്ച്‌ ചെലാന്‍ വീട്ടിലേക്കയക്കുന്നതും പദ്ധതിയുടെ പ്രത്യേകതയാണ്‌. കൊച്ചി സിറ്റി പോലിസ്‌ കമ്മിഷണര്‍ ഓഫിസിലെ കണ്‍ട്രോള്‍ റൂമിലാണ്‌ കമാന്‍ഡ്‌ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്‌.

നഗരത്തിലെ 21 പ്രധാന ജംക്‌ഷനുകളിലാണ്‌ ഇന്റലിജന്റ്‌ ട്രാഫിക്ക്‌ മാനെജ്‌മെന്റ്‌ സിസ്റ്റം പ്രവര്‍ത്തിക്കുക. പദ്ധതിയുടെ ഭാഗമായി ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന്‌ 35 കേന്ദ്രങ്ങളില്‍ നൂതനക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്‌. കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക്‌ 27 കോടി രൂപയാണ്‌ ചെലവ്‌.

കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക്‌‌ ഒഴിവാക്കാനും സുരക്ഷിതയാത്ര ഒരുക്കാനും പദ്ധതി പ്രയോജനകരമാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടം പൂര്‍ത്തിയായ കൊച്ചി റെയില്‍ മെട്രോയുടെ ഭാഗമായി വിവിധ ഗതാഗതസംവിധാനങ്ങള്‍ കോര്‍ത്തിണക്കി അനുസ്യൂതയാത്രാപദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യ ചുവടുവെപ്പാണിതെന്നും അദ്ദേഹം വ്യക്തമാക്കി.