ന്യൂഡൽഹി:
ഉത്തർപ്രദേശിലെ ബൽറാംപൂർ ഗ്രാമത്തിൽ രണ്ട് യുവാക്കൾ കൂട്ടബലാത്സംഗത്തിനിരയാക്കിയ 22 കാരിയായ ദളിത് യുവതി ബുധനാഴ്ച മരിച്ചു. പോസ്റ്റ്‌മോർട്ടത്തിനുശേഷം ബുധനാഴ്ച രാത്രി തന്നെ മൃതദേഹം സംസ്‌കരിച്ചു.
ചൊവ്വാഴ്ച തന്റെ ഗ്രാമത്തിനടുത്തുള്ള ഒരു കോളേജിൽ പ്രവേശനം തേടി പോയിരുന്ന കുട്ടി വൈകുന്നേരം വരെ വീട്ടിൽ തിരിച്ചെത്തിയില്ല. കുടുംബാംഗങ്ങൾ തിരയുന്നതിനിടെ കയ്യിൽ ഗ്ലൂക്കോസ് ഡ്രിപ്പ് പിടിപ്പിച്ച് പെൺകുട്ടി ഒരു ഓട്ടോറിക്ഷയിൽ മടങ്ങിയെത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
പെൺകുട്ടിയുടെ നില വഷളായതിനെത്തുടർന്ന് കുടുംബാംഗങ്ങൾ അവളെ അടുത്തുള്ള ആശുപത്രിയിലേക്കും പിന്നീട് ബൽറാംപൂർ ജില്ലാ ആശുപത്രിയിലേക്കും കൊണ്ടുപോയി. അവിടെവെച്ച് മരിക്കുകയായിരുന്നു.
പോലീസ് ഈ സംഭവത്തിലെ രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്തു. ഇരയുടെ സഹോദരൻ നൽകിയ പരാതിയെ തുടർന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു. കൂട്ടബലാത്സംഗത്തിന് ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി) 376-ഡി, കൊലപാതകത്തിന് 302 എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം തുടരുകയാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.