തിരുവനന്തപുരം:
സംസ്ഥാനത്ത് ആദ്യമായി മൂന്ന് എഞ്ചിനീയറിങ് കോളേജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കിയതില്‍ സിപിഎം സംസ്ഥാന നേതൃത്വത്തെയും സര്‍ക്കാരിനേയും പരിഹസിച്ച് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി. മാര്‍ക്സിസ്റ്റ് പാര്‍ട്ടി എതിര്‍ക്കുകയും, സമരം ചെയ്യുകയും, അധികാരത്തില്‍ കയറി അത് തിരുത്തുകയും ചെയ്ത അനേക കാര്യങ്ങളിൽ ഒന്നാണ് സ്വയംഭരണാവകാശമുള്ള കോളേജുകളുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ അര്‍ഹതയുടെ അടിസ്ഥാനത്തില്‍ തികച്ചും അനുയോജ്യമായ തീരുമാനമാണ് ഗവണ്‍മെന്റും യുജിസിയും എടുത്തതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കൊച്ചിയിലെ രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജി, കോട്ടയത്തെ സെയ്ന്റ് ഗിറ്റ്സ് കോളേജ് ഓഫ് എന്‍ജിനിയറിങ്, തിരുവനന്തപുരത്ത് മാര്‍ ബസേലിയോസ് കോളേജ് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജി തുടങ്ങി കോളേജുകൾക്കാണ് സ്വയംഭരണ പദവി നൽകിയിരിക്കുന്നത്.