Thu. Jan 23rd, 2025

കൊച്ചി:

കേരള ഹൈക്കോടതിക്ക് സമീപം കോമ്പാറ പ്രദേശത്ത് സുമനസ്സുകളുടെ കാരുണ്യം കൊണ്ട് ജീവിക്കുന്ന തെരുവു നായ്ക്കളെ വണ്ടിയിടിപ്പിച്ച് കൊല്ലുന്നതായി പരാതി. കഴിഞ്ഞ ദിവസം രാത്രി കോമ്പാറ ജംങ്ഷനില്‍ സ്ഥിരമായി കഴിഞ്ഞിരുന്ന നായയെ ഒരു സംഘം വണ്ടിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പൊതു പ്രവർത്തകനായ ബോസ്കോ കളമശ്ശേരി പറഞ്ഞു.

സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ നായയെ ബോസ്കോ കളമശ്ശേരി വിളിച്ചറിയിച്ചതിനെത്തുടർന്ന് ധ്യാൻ ഫൗണ്ടേഷൻ പ്രവർത്തകർ വന്ന്‌ അങ്കമാലിയിലെ മൃഗാശുപത്രിയില്‍  പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണിനും താടിയെല്ലിനും പരിക്കേറ്റ  നായയ്ക്ക് അടിയന്തര ചികിത്സ നല്‍കി. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം, ഇതേ വാഹനം രണ്ടാഴ്ച മുൻപ് മറ്റൊരു നായയെ വാഹനമിടിച്ച് കൊന്നിരുന്നെന്നും വണ്ടി നിർത്താതെ പോയതായും പരിസരവാസികൾ പറഞ്ഞു. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ധ്യാൻ ഫൗണ്ടേഷൻ ഭക്ഷണവും മരുന്നും നൽകി പരിപാലിച്ചു വരുന്ന നായ്ക്കളെയാണ് ഇത്തരത്തില്‍ കൊല്ലാന്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം.

ഈ തെരുവുനായ്ക്കളുടെ സ്ഥിര സാന്നിധ്യം മൂലം ഈ പ്രദേശത്തെ മോഷണങ്ങൾ ഗണ്യമായി കുറഞ്ഞിരുന്നു. ഇത്തരത്തിൽ നിഷ്ഠൂരമായി നായ്ക്കളെ കൊല്ലുന്ന ആളുകൾക്കെതിരെ കർശനമായി നടപടി സ്വീകരിക്കണമെന്ന് ബോസ്കോ കളമശ്ശേരി ആവശ്യപ്പെട്ടു.

By Binsha Das

Digital Journalist at Woke Malayalam