തിരുവനന്തപുരം:
കൊവിഡ് പശ്ചാത്തലത്തിൽ പുതിയ അധ്യയനവർഷം ജൂൺ ഒന്നിന് ആരംഭിക്കാൻ സാധിക്കില്ല. കേന്ദ്രനിർദ്ദേശം വന്നാൽ മാത്രമേ സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുകയുള്ളുവെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. അദ്ധ്യാപകരും അന്ന് മുതൽ മാത്രം സ്കൂളുകളിൽ വന്നുതുടങ്ങിയാൽ മതി.
അതേസമയം, വിക്ടേഴ്‍സ് ചാനൽ വഴി ‘ഫസ്റ്റ് ബെൽ’ എന്ന പേരിൽ തിങ്കളാഴ്ച മുതൽ ഓൺ ലൈൻ ക്ലാസുകൾ തുടങ്ങുന്നതിന്‍റെ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി. രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചര മണിവരെയുള്ള സമയത്താണ് വിവിധ ക്ലാസുകളിലെ കുട്ടികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ നടക്കുക.
പത്താം ക്ലാസ്സുകാർക്ക് രാവിലെ 11 മണിക്കാണ് ക്ലാസ്. എല്ലാ ക്ലാസ്സും പുനഃസംപ്രേക്ഷണം ചെയ്യും. ടി വിയും ഫോണും ഇല്ലാത്തവർക്ക് പ്രധാന അധ്യാപകർ ക്ലാസുകൾ ഉറപ്പാക്കണം. സമീപത്തെ വായനശാലകളും ഇതിനായി ഉപയോഗപ്പെടുത്താം. ഓരോ ഓൺലൈൻ ക്ലാസിന് ശേഷവും അധ്യാപകർ അതാത് ക്ലാസുകളിലെ കുട്ടികളുമായി വാട്ട്‍സാപ്പ് ഗ്രൂപ്പ് വഴിയോ ഫോൺ വഴിയോ ചർച്ച നടത്തണം. ഒരാഴ്ചത്തെ ക്ലാസ്സിന് ശേഷം അഭിപ്രായങ്ങൾ പരിഗണിച്ച് ക്ലാസുകൾ മെച്ചപ്പെടുത്തുമെന്നും അറിയിച്ചു.