തിരുവനന്തപുരം:
മദ്യവില്പനയ്ക്കുള്ള ടോക്കൺ വിതരണം പരാജയപ്പെട്ടെങ്കിലും ബെവ്ക്യൂ ആപ്പ് ഉപേക്ഷിക്കാതെ പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചു. ആപ്പ് വീണ്ടും പ്രവർത്തനസജ്ജമാക്കാൻ കഴിയുമെന്ന ഐടി വിദഗ്ദ്ധരുടെ അഭിപ്രായം പരിഗണിച്ചാണ് എക്സൈസ് മന്ത്രി വിളിച്ചു ചേർത്ത ഉന്നതതലയോഗം ഈ തീരുമാനമെടുത്തത്.
ആപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇന്നു വൈകിട്ടോടെ പരിഹരിക്കണമെന്ന് നിർദ്ദേശിച്ച എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ ആപ്പിന്റെ പ്രവർത്തന മേൽനോട്ടം ഐടി സെക്രട്ടറി എം.ശിവശങ്കറിനെയും സ്റ്റാർട്ട് അപ്പ് മിഷൻ സിഇഒ സജി ഗോപീനാഥിനെയും ഏൽപ്പിച്ചു. തുടർച്ചയായി രണ്ടാം ദിവസവും ടോക്കൺ നൽകാതെയും ബുക്കിങ് നടക്കാതെയുമായപ്പോൾ ആപ്പ് നിർമ്മിച്ച കൊച്ചി ആസ്ഥാനമായ ഫെയർകോഡ് എന്ന ഐടി സ്റ്റാർട്ട് അപ്പ് കമ്പനി അധികൃതർ വിശദീകരണം ഒന്നും നൽകാതെ മുങ്ങുകയായിരുന്നു.